മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ നിന്ന് മറ്റൊരു സൂപ്പർ ഹീറോ ചിത്രമെത്തുന്നു. യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഫാന്റസി സ്വഭാവമുള്ള ഒരു സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് ഇതിന്റെ സംവിധായകൻ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സിബി മാത്യു അലക്സ് സംഗീതം പകരുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.