‘തിങ്കളാഴ്ച നിശ്ചയം’, ‘പദ്മിനി’, ‘അവിഹിതം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘കൊല’. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മുൻ ചിത്രങ്ങളെപ്പോലെ തികച്ചും റിയലിസ്റ്റിക് ശൈലിയിലുള്ള ഒരു പ്രമേയമായിരിക്കും ഈ ചിത്രത്തിനുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
‘വാഴ 2’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസ്, ഇ ഫോർ എക്സ്പെരിമെന്റ്സ്, മാരുതി ടാക്കീസ് എന്നിവയുടെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ്, മുകേഷ് ആർ. മേത്ത, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാനമായും പുതുമുഖങ്ങളും യുവതാരങ്ങളുമാണ് അണിനിരക്കുന്നത്.
സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ, തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന ലളിതസുന്ദരമായ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. നമുക്ക് ചുറ്റും നിത്യജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങളെ ലളിതവും മനോഹരവുമായ രീതിയിൽ വെള്ളിത്തിരയിലെത്തിക്കാൻ സെന്ന ഹെഗ്‌ഡെയ്ക്ക് കഴിയാറുണ്ട്. ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ള ഒരു കഥയാണ് ‘കൊല’യിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.