ചിരിയുടെ പുതിയ ഗ്രഹമായി ‘പ്ലൂട്ടോ’; ട്രെയിലറിലെ ആദ്യ ഫ്രെയിമിൽ തന്നെ ശ്രദ്ധനേടി പോൾ അൽഫോൻസ്
സിനിമാപ്രേമികളെയും ഹാസ്യപ്രേമികളെയും ഒരുപോലെ ആകർഷിക്കാൻ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് ‘പ്ലൂട്ടോ’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാള സിനിമയിൽ ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഭൂമിയെ ആക്രമിക്കാനോ മനുഷ്യരെ രക്ഷിക്കാനോ എത്തുന്ന പതിവ് ഏലിയൻ കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് ‘പ്ലൂട്ടോ’യിലെ ഏലിയൻ. ഭൂമിയിലെ മറ്റൊന്നിലും വലിയ താൽപര്യമില്ലാതെ ഇവിടുത്തെ മദ്യം മാത്രം ആസ്വദിച്ച് ജീവിക്കുന്ന ഒരു ഏലിയന്റെ വരവും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നർമ്മവും സയൻസ് ഫിക്ഷനും കൈകോർക്കുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ട്രെയിലറിന്റെ മറ്റൊരു പ്രത്യേകത, അത് തുടങ്ങുന്ന ആദ്യ ഷോട്ടിലാണ്. ട്രെയിലറിലെ ഉദ്ഘാടന ഷോട്ടിൽ പ്രത്യക്ഷപ്പെടുന്നത് പോൾ അൽഫോൻസ് ആണ്. മലയാളികളുടെ പ്രിയപ്പെട്ട ക്യാമറാമാനായ ലിറ്റിൽ സ്വയമ്പിന്റെ പിതാവാണ് പോൾ അൽഫോൻസ്. ഏറെക്കാലമായി മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം, മമ്മൂട്ടിയോടൊപ്പം എറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ച വ്യക്തിയുമാണ്. മഹാരാജാസ് കോളേജിലെ ആ കാലഘട്ടത്തിലെ സഹപാഠികളിലൊരാളായ പോൾ അൽഫോൻസിന്റെ സാന്നിധ്യം ട്രെയിലറിന് തുടക്കത്തിൽ തന്നെ ഒരു കൗതുകം സമ്മാനിക്കുന്നുണ്ട്.
ചിത്രത്തിൽ നീരജ് മാധവ്, അൽത്താഫ് സലിം, അജു വർഗീസ്,വിപിൻ അറ്റ്ലീ, പോൾ അൽഫോൻസ്,ആർഷ ചാന്ദിനി ബൈജു, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ ഡേവിഡ് തുടങ്ങി ശ്രദ്ധേയമായ താരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംവിധാനം ആദിത്യൻ ചന്ദ്രശേഖർ നിർവഹിച്ചിരിക്കുന്നു. നിയാസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും റെസ്മി റെജുവും ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റിംഗ് സനത് ശിവരാജ്, സംഗീതം ആർക്കാഡോ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
വ്യത്യസ്തമായ കഥയും ഹാസ്യ മുഹൂർത്തങ്ങളും മികച്ച ദൃശ്യാവിഷ്കാരവും ഒരുമിക്കുന്ന ‘പ്ലൂട്ടോ’ കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുമെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മവും പുതുമയാർന്ന അവതരണവുമായി തിയേറ്റർ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്ന ചിത്രത്തിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.