മലയാള സിനിമയിലെ മുൻനിര താരം ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ട്രാൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗുഡ്‌വിൽ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം വൻ ബജറ്റിൽ ഒരുങ്ങുന്ന ഒരു പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലറാണ്. ജമ്മു കശ്മീരിലെ ട്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളാണ് ചർച്ച ചെയ്യുന്നത്. നജോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് വി.ബി ആണ്. രതീഷ് വേഗ തന്നെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.