നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രതിച്ഛായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന ഷറഫുദ്ദീന്റെ തീക്ഷ്ണമായ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗ്ലാസ്സും താടിയും വെച്ച് ഖദർ ഷർട്ടിൽ ഗൗരവമേറിയ ലുക്കിലുള്ള ഷറഫുദ്ദീന്റെ ഈ വേഷം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നെഗറ്റീവ് കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ. ഡി. ഇലുമിനേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സമകാലിക കേരള രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. “എല്ലാ ചിത്രങ്ങളും സത്യം പറയുന്നില്ല, ചിലത് അപകടകരമായ ഒരു വിധി മറച്ചുവെക്കുന്നു” എന്ന നിഗൂഢമായ ടാഗ്‌ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
ബാലചന്ദ്രമേനോൻ തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ അതിശക്തമായ ഒരു കഥാപാത്രമായി ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സായ് കുമാർ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഈ വർഷത്തെ വലിയ പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി നൂറോളം ദിവസങ്ങളെടുത്താണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.