യഷ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്’ സിനിമയിലെ സുദേവ് നായരുടെ ഗംഭീര ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് ഈ ഗീതു മോഹൻദാസ് ചിത്രത്തിൽ എത്തുന്നത്. പരുക്കൻ ലുക്കിൽ, തലയിൽ തൊപ്പിയും കയ്യിൽ തോക്കുമായി നിൽക്കുന്ന സുദേവിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഗോവയിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 1940-കൾ മുതൽ 70-കൾ വരെയുള്ള കാലഘട്ടമാണ് പ്രമേയമാക്കുന്നത്. മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് വലിയ ചുവടുവെപ്പുകൾ നടത്തുന്ന സുദേവ് നായരുടെ കരിയറിലെ ഏറ്റവും നിർണ്ണായകമായ വേഷങ്ങളിലൊന്നായിരിക്കും ടോക്സിക്കിലെ ഈ കഥാപാത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. റോക്കിങ് സ്റ്റാർ യഷ് ഇരട്ട വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ടോക്സിക് 2026 മാർച്ച് 19-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.