വിവാദങ്ങൾക്കും വലിയ വിജയങ്ങൾക്കും ശേഷം ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ സീക്വൻസിൽ മതപരിവർത്തനവും അതിനെതിരെയുള്ള പോരാട്ടവുമാണ് പ്രധാന പ്രമേയമായി അവതരിപ്പിക്കുന്നത്. കാമാഖ്യ നാരായണ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ 2026 ജനുവരി 30-നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിപുൽ അമൃത്ലാൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉൽക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള സുരേഖ നായർ, മധ്യപ്രദേശിൽ നിന്നുള്ള നേഹ സന്ത്, രാജസ്ഥാനിൽ നിന്നുള്ള ദിവ്യ പാലിവാൾ എന്നീ മൂന്ന് പെൺകുട്ടികളുടെ ജീവിതം ലൗ ജിഹാദിലൂടെ തകരുന്നതും പിന്നീട് അവർ നേരിടുന്ന വെല്ലുവിളികളുമാണ് ടീസറിൽ ദൃശ്യമാക്കുന്നത്. “ഞങ്ങളുടെ മക്കൾ പ്രണയത്തിൽ വീഴുകയല്ല, മറിച്ച് ചതിക്കുഴികളിലാണ് പെടുന്നത്, ഇനി ഞങ്ങൾ സഹിക്കില്ല, പോരാടും” എന്ന ശക്തമായ സന്ദേശവുമായാണ് ടീസർ എത്തുന്നത്. ആദ്യ ഭാഗം വലിയ ബോക്സ് ഓഫീസ് വിജയം നേടുകയും രണ്ട് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിൽ 300 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. മനോജ് മുൻതാഷിറിന്റെ വരികൾക്ക് മന്നൻ ഷായാണ് സംഗീതം നൽകിയിരിക്കുന്നത്. 2026 ഫെബ്രുവരി 27-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ദ കേരള സ്റ്റോറി 2 ടീസർ കാണാം
https://youtu.be/MWgZh_rz0hc?si=xnM281fVucly3fnp
LAST ARTICLE
എസ്. എസ് രാജമൗലി ചിത്രം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
[…] […]