മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ടി. എസ്. ലൗലജന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കുറച്ചുകാലമായി താടി നീട്ടി വളർത്തിയ ലുക്കിലായിരുന്ന ലാലേട്ടൻ, ആരാധകർ ഏറെ ആഗ്രഹിച്ച ആ പഴയ ക്ലീൻ ഷേവ് ലുക്കിലേക്ക് മടങ്ങിയെത്തിയത് വലിയൊരു വിരുന്നായി മാറി. ‘കറകളഞ്ഞ സ്നേഹത്തിന്റെ മനുഷ്യരൂപം ‘ എന്നാണ് പോസ്റ്ററിൽ ലൗലജനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ തന്നെ ഒരു പക്കാ തരുൺ മൂർത്തി ടച്ച് നമുക്ക് പ്രതീക്ഷിക്കാം.
തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയിൽ ഒരു സാധാരണ പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ‘തുടരും’ എന്ന വലിയ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതും, മീര ജാസ്മിൻ നായികയായി എത്തുന്നു എന്നതും ഈ പ്രോജക്ടിന് വലിയ സ്വീകാര്യത നൽകുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ഇടത്തരം ടൗൺഷിപ്പിലെ പോലീസുകാരന്റെ ജീവിതവും അതിനിടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് ദൃശ്യവൽക്കരിക്കുന്നത്. പോസ്റ്ററിലെ ആ ചിരിയും മീശപിരിച്ചുള്ള ഗമയും കണ്ടതോടെ ‘പഴയ വിന്റേജ് ലാലേട്ടൻ’ തിരിച്ചുവന്നു എന്ന ആവേശത്തിലാണ് സോഷ്യൽ മീഡിയ. ഒടിയന് ശേഷം ഇതാദ്യമായാണ് താരം ഇത്തരമൊരു മേക്കോവറിൽ വരുന്നത് എന്നതും ശ്രദ്ധേയമാണ്.