മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ കരിയറിലെ 51-ാമത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജാ ചടങ്ങുകളും കൊച്ചിയിൽ നടന്നു. കന്നഡയിലെ ശ്രദ്ധേയയായ നായിക രുക്മിണി വസന്ത് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവരുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ സഹ-എഴുത്തുകാരനായ നാഷിദ് ഫാമിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇതൊരു മുഴുനീള എന്റർടൈനർ ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസും പ്രധാനപ്പെട്ടൊരു വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവിനും രുക്മിണി വസന്തും ആദ്യമായി ഒന്നിക്കുന്ന ഈ പുതിയ പ്രൊജക്റ്റിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്. റൊമാൻസിനും കോമഡിക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രം മലയാളസിനിമയിലെ മറ്റൊരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.