സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്തരം, ചാവേർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ സ്റ്റൈലിഷ് ആക്ഷൻ സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ പരീക്ഷണവുമായി എത്തുകയാണ്. ‘കൊല്ലം കോട്ട കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ആവേശം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ടിനു പാപ്പച്ചന്റെ മുൻകാല ചിത്രങ്ങളിൽ കാണാറുള്ള മുഴുനീള ആക്ഷൻ ശൈലിയിൽ നിന്ന് അല്പം മാറി ചിന്തിക്കുന്ന ഒന്നായിരിക്കും ഈ ചിത്രമെന്നാണ് പ്രാഥമിക സൂചനകൾ നൽകുന്നത്. കൊല്ലം നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു പോലീസുകാരനും ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. പോസ്റ്ററിൽ നാല് യുവാക്കൾ വായുവിൽ ഉയർന്നുചാടുന്നതും താഴെ ഒരു മുതിർന്ന വ്യക്തിയുടെ തലയുടെ ഭാഗം കാണുന്നതും ഏറെ കൗതുകകരമാണ്. രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സജിൻ ഗോപു ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സജിൻ ഗോപുവിനെ കൂടാതെ നാല് പുതുമുഖങ്ങളാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഏകദേശം എൺപത് ശതമാനത്തോളം പുതുമുഖങ്ങളെ അണിനിരത്തിയാണ് ടിനു പാപ്പച്ചൻ ഈ പുതിയ ചിത്രം ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, അഞ്ജന ടാക്കീസ്, എവരി ഡേ ഫിലിംസ് എന്നിവയുടെ ബാനറിൽ അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്. ഡി എന്നിവർക്കൊപ്പം ടിനു പാപ്പച്ചനും നിർമ്മാണത്തിൽ പങ്കാളിയാകുന്നുണ്ട്. ആർ. അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് റാഹിലാണ്. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ദീപു ജോസഫിന്റെ എഡിറ്റിംഗും സിനിമയുടെ സാങ്കേതിക നിലവാരം ഉയർത്തുന്നു. ആക്ഷൻ രംഗങ്ങൾക്കായി കലൈ കിംഗ്സ്റ്റൺ ആണ് നേതൃത്വം നൽകുന്നത്. തന്റെ പതിവ് ആഖ്യാന ശൈലികളിൽ നിന്ന് വ്യത്യസ്തമായി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഈ സ്റ്റൈലിഷ് ചിത്രം തിയേറ്ററുകളിൽ വലിയ വിസ്മയം തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *