യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രകമ്പനം’ ജനുവരി 30-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ‘നദികളിൽ സുന്ദരി യമുന’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഹൊറർ-കോമഡി എന്റർടെയ്നറാണ്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, ഹോസ്റ്റൽ ജീവിതത്തിലെ രസകരവും അതോടൊപ്പം ഭീതിയുണർത്തുന്നതുമായ സംഭവവികാസങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
​തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേർന്നാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ വീണ്ടും ശ്രദ്ധേയനായ ഗണപതിയും ‘പാണി’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച സാഗർ സൂര്യയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, അനീഷ് ഗോപാൽ, സനേഷ് ഗിന്നസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്തരിച്ച നടൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.
​വിജേഷ് പാണത്തൂർ തന്നെ കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതാണ്. ബിബിൻ അശോകാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്, ബിജിഎം ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. ആൽബി ആന്റണിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹോസ്റ്റൽ ജീവിതത്തിലെ തമാശകളും അപ്രതീക്ഷിതമായി കടന്നുവരുന്ന ഭീതിദമായ നിമിഷങ്ങളും ചേർത്തുള്ള ഈ മുഴുനീള എന്റർടെയ്നർ യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ജനുവരി 30 മുതൽ തിയേറ്ററുകളിൽ ഈ ‘പ്രകമ്പനം’ ആരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *