മലയാള സിനിമയിലെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ‘ശ്രീകുട്ടൻ വെള്ളായണി’ എന്ന ഗായകന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. കൈയിൽ മൈക്കും കൂളിംഗ് ഗ്ലാസ്സും ധരിച്ച്, തീർത്തും മാസ്സ് ലുക്കിലുള്ള ടൊവിനോയുടെ പോസ്റ്റർ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കൈയിലെ ‘ഐ ഓഫ് ഹോറസ്’ ടാറ്റൂവും താരത്തിന്റെ പുതിയ മേക്കോവറും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
നേരത്തെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘സാം കുട്ടി ‘ എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിൽ വേഷമിടുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ബേസിലിന്റെ സ്റ്റൈലിഷ് ലുക്കിന് വിപരീതമായി ഒരു പക്കാ മാസ്സ് അവതാരത്തിലാണ് ടൊവിനോ എത്തുന്നത് എന്നത് ചിത്രത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു. ബേസിൽ ജോസഫ്-ടൊവിനോ തോമസ്-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ തകർപ്പൻ പ്രകടനമായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ‘മിന്നൽ മുരളി’ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘അതിരടി’ക്കുണ്ട്. മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ വലിയ പ്രതീക്ഷയുണ്ട്.
ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.
കാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന പക്കാ ഫെസ്റ്റിവൽ എന്റർടൈനറാണ് ‘അതിരടി’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. 2026 മേയ് 14-ന് വെക്കേഷൻ കാലത്ത് ഒരു മാസ്സ് വിരുന്നായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.