ഇന്ത്യൻ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. 2026 പൊങ്കൽ ദിനത്തിലാണ് ഈ വമ്പൻ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. താൽക്കാലികമായി ‘AA23’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനിമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഒരു വശത്ത് പാഞ്ഞടുക്കുന്ന ചെന്നായ്ക്കളെ ഗർജിച്ച് ഓടിക്കുന്ന സിംഹത്തെ വീഡിയോയിൽ കാണാം. ‘സ്ട്രൈവ് ഫോർ ഗ്രേറ്റ്നസ്’ എന്ന ടാഗ്ലൈനും ചിത്രത്തിനുണ്ട്. ഇത് ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കുമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. കൂടാതെ, അല്ലു അർജുന്റെ കഥാപാത്രം കയ്യിലെ ഒരു ഇരുമ്പ് വള ശരിയാക്കുന്നത് ലോകേഷിന്റെ സ്വപ്ന പ്രോജക്ട് ആയ ‘ഇരുമ്പ് കൈ മായാവി’യിലേക്കുള്ള സൂചനയാണെന്നും ആരാധകർ കരുതുന്നു.
രജനികാന്ത് ചിത്രം ‘കൂലി’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. റിപ്പോർട്ടുകൾ പ്രകാരം ‘AA23’യുടെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും. അല്ലു അർജുൻ ഇപ്പോൾ ആറ്റ്ലിയുമായുള്ള തന്റെ പുതിയ ചിത്രത്തിന്റെ (AA22) തിരക്കിലാണ്.
ലോകേഷിന്റെ തനതായ മേക്കിംഗ് ശൈലിയും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒന്നിക്കുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. അനിരുദ്ധും ലോകേഷും വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിപ്പിക്കുന്നു. ഇത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (LCU) ഭാഗമാണോ എന്ന് അണിയറപ്രവർത്തകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.