മലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുകയാണ്. ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ ഇന്നലെ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആവേശമുണർത്തുന്ന ഈ ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും.
സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബാലതാരമായി അച്ഛനൊപ്പം സ്ക്രീൻ പങ്കിട്ട കാളിദാസ് ഇന്ന് ഒരു നായകനായി അച്ഛനോടൊപ്പം മടങ്ങിയെത്തുന്നത് ആരാധകർക്ക് വലിയൊരു പ്രതീക്ഷയായിരിക്കും.
’ഒരു വടക്കൻ സെൽഫി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നത് ‘2018’ എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ്. ജൂഡ് ആന്തണിയും അരവിന്ദ് രാജേന്ദ്രനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും സനൽ ദേവ് സംഗീതവും നിർവ്വഹിക്കുന്നു.
ഫെബ്രുവരി 6-ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഒരു മികച്ച കുടുംബ ചിത്രമായി പ്രതീക്ഷിക്കാം.