മലയാള സിനിമയിലെ യുവനിര ഒന്നിക്കുന്ന ആവേശകരമായ ആക്ഷൻ കോമഡി ചിത്രം ‘ചത്തപ്പച്ച’  ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.സിനിമാലോകത്ത് ഈ ചിത്രത്തിന് ലഭിക്കുന്ന മറ്റൊരു വലിയ ശ്രദ്ധ, സംവിധായകൻ അദ്വൈത് നായർ മോഹൻലാലിന്റെ മരുമകൻ കൂടിയാണ് എന്നുള്ളതാണ്.


സിനിമാപ്രേമികൾക്കിടയിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം ഈ ചിത്രത്തിലെ അതിഥി താരങ്ങളെക്കുറിച്ചാണ്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ‘IN CINE’M’AS’ എന്നതിലെ ‘M’ എന്ന അക്ഷരം പ്രത്യേകം എടുത്തുകാണിച്ചത് മമ്മൂട്ടിയുടെ സാന്നിധ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മമ്മൂട്ടി ‘വാൾട്ടർ പൊന്നപ്പൻ’ എന്ന കഥാപാത്രമായി കാമിയോ റോളിൽ എത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇതിനൊപ്പം മോഹൻലാലും ഈ ടീമിനൊപ്പം ചേരുന്നു എന്ന വാർത്തകൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. രണ്ട് ഇതിഹാസ താരങ്ങൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു ഫ്രെയിമിൽ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരെക്കൂടാതെ ഈശാൻ ഷൗക്കത്ത്, സിദ്ദിഖ്, ലക്ഷ്മി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുസ്തി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ താരങ്ങളുടെ വേഷപ്പകർച്ചയും ആക്ഷൻ രംഗങ്ങളും ഏറെ പ്രതീക്ഷ നൽകുന്നു.

ഷിഹാൻ ഷൗക്കത്ത്, റിതേഷ് രാമകൃഷ്ണൻ, രമേഷ് രാമകൃഷ്ണൻ എന്നിവർ ചേർന്ന് ‘റീൽ വേൾഡ് എന്റർടൈൻമെന്റ്‌സി’ന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ ദുൽഖർ സൽമാന്റെ ‘വേഫെറർ ഫിലിംസ്’ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകത്തിലും പി.വി.ആർ ഐനോക്സ് പിക്ചേഴ്സും ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസുമാണ് വിതരണക്കാർ.
ജനുവരി 22-ന് തിയേറ്ററുകളിൽ എത്തുന്ന ‘ചത്തപ്പച്ച’ മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *