മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിലൊന്നായ നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തീയേറ്ററുകളിൽ എത്തുന്നു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പൂർണ്ണമായും ഒരു ഫൺ ഫാമിലി ഫാന്റസി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ആകർഷിക്കുന്ന ഘടകങ്ങൾ സിനിമയിലുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നു. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.
അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം ഭാവന റിലീസാണ് വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ ‘ആരാണേ ആരാണേ…’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് ആലപിച്ച ‘തലോടി മറയുവതെവിടെ നീ…’ എന്ന മനോഹരമായ ഗാനവും സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ശങ്കർ മഹാദേവൻ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങിയ പ്രമുഖ ഗായകരുടെ നീണ്ട നിര തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കായി അണിനിരക്കുന്നുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിരിക്കാനും ചിന്തിപ്പിക്കാനും ഒപ്പം ഫാന്റസിയുടെ ലോകത്തേക്ക് കൊണ്ടുപോകാനും ‘മാജിക് മഷ്റൂംസ്’ തയ്യാറായിക്കഴിഞ്ഞു. ജനുവരി 23 മുതൽ ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.