സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ ന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയിൽ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക അപ്ഡേറ്റ് നിർമാതാവ് ആഷിഖ് ഉസ്മാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
ചിത്രത്തിനായുള്ള ലൊക്കേഷൻ ഹണ്ടിംഗിനിടെ സംവിധായകൻ തരുൺ മൂർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്ന തീയതി ആഷിഖ് ഉസ്മാൻ പ്രഖ്യാപിച്ചത്. റിയലിസ്റ്റിക് അവതരണ ശൈലിയിലൂടെ ശ്രദ്ധ നേടിയ തരുൺ മൂർത്തി, ഈ ചിത്രത്തിൽ മോഹൻലാലിനെ ഒരു പോലീസ് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രതീഷ് രവിയാണ്. ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറായാണ് പ്രവർത്തിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിനായി മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ചിത്രത്തിൽ നായികയായി മീരാ ജാസ്മിൻ എത്തുന്നു. മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒരുമിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രകാശ് വർമ്മ, ഇർഷാദ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മോഹൻലാലിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ പ്രോജക്ട് പിന്നീട് ഡ്രോപ്പ് ചെയ്യുകയായിരുന്നു. അതിന്റെ പകരമായാണ് തരുൺ മൂർത്തിയെ സംവിധായകനാക്കി ആഷിഖ് ഉസ്മാൻ ഈ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും, പൂർണമായും വ്യത്യസ്തമായ മറ്റൊരു ചിത്രമാണെന്നും ആഷിഖ് ഉസ്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശക്തമായ കഥയും പ്രകടന പ്രാധാന്യമുള്ള കഥാപാത്രങ്ങളുമാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. തൊടുപുഴയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തോടുള്ള ആവേശം ഇതിനകം തന്നെ ആരാധകർക്കിടയിൽ ഉയർന്നിരിക്കുകയാണ്.