മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 3-ന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും.
ഇന്നലെ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ദൃശ്യം സീരീസിലെ മുൻ ഭാഗങ്ങളിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഒരു മോഷൻ പോസ്റ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
പുറത്തുവന്ന അനൗൺസ്‌മെന്റ് വീഡിയോയിൽ ദൃശ്യം ഒന്നാം ഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും പ്രധാന അടയാളങ്ങളായ മണ്ണ് മാന്തി യന്ത്രം, സിസിടിവി ക്യാമറ, ജോർജ് കുട്ടിയുടെ കുടുംബ ചിത്രം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യം 3-ന്റെ മലയാളം പതിപ്പ് റിലീസ് ചെയ്ത് ആറ് മാസങ്ങൾക്ക് ശേഷം, അതായത് 2026 ഒക്ടോബർ 2-ന് അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുടെ ഹിന്ദി പതിപ്പും പുറത്തിറങ്ങും. ജോർജ് കുട്ടി ഇത്തവണ നിയമത്തിന്റെ പിടിയിൽ നിന്നും എങ്ങനെ രക്ഷപെടും അതോ പിടിക്കപ്പെടുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.