വിജയ് ചിത്രമായ ‘ജനനായക’ന്റെ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ചിത്രത്തിന്റെ റിലീസ് തീയതി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഡിസംബർ 31-നാണ് ആമസോൺ ഈ നിയമപരമായ മുന്നറിയിപ്പ് നൽകിയത്. റിലീസ് വൈകുന്നത് തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന ആശങ്കയിലാണ് അവർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ മദ്രാസ് ഹൈക്കോടതിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
സെൻസർ ബോർഡിന്റെ (CBFC) ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണമാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. ഡിസംബർ 25 മുതൽ ജനുവരി 5 വരെയുള്ള കാലയളവിൽ അപ്ഡേറ്റുകൾക്കായി പലതവണ ബന്ധപ്പെട്ടിട്ടും സെൻസർ ബോർഡ് മൗനം പാലിച്ചുവെന്നാണ് കോടതിയിൽ ഉന്നയിക്കപ്പെട്ട പ്രധാന പരാതി. മുൻപ് ഒഴിവാക്കാൻ നിർദേശിച്ച രംഗങ്ങൾ മാറ്റിയ ശേഷം ചിത്രം വീണ്ടും റിവൈസിംഗ് കമ്മിറ്റിക്ക് അയക്കാനുള്ള സെൻസർ ബോർഡിന്റെ തീരുമാനം കേവലം കാലതാമസം വരുത്താനുള്ള ഒരു ‘അഭ്യാസം’ മാത്രമാണെന്നും നിർമ്മാതാക്കൾ വാദിച്ചു.
ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ ജനുവരി 9-ന് റിലീസ് പ്രഖ്യാപിച്ചതിനെ സി.ബി.എഫ്.സി പ്രതിനിധീകരിക്കുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ‘ധുരന്ധർ 2’ ഉൾപ്പെടെയുള്ള വലിയ സിനിമകൾ ഇത്തരത്തിൽ മുൻകൂട്ടി തീയതി പ്രഖ്യാപിക്കാറുണ്ടെന്ന മറുപടിയാണ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്.
നേരത്തെ, ജസ്റ്റിസ് ആശ അധ്യക്ഷയായ സിംഗിൾ ബെഞ്ച് ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകി റിലീസ് ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുകയുമായിരുന്നു. നിലവിൽ ഹിയറിംഗ് പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്യുടെ അവസാന ചിത്രമായതുകൊണ്ട് തന്നെ ‘ജനനായക’നായി ആരാധകർ വലിയ ആവേശത്തിലാണ് കാത്തിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം തുടരുന്നതിനാൽ പൊങ്കൽ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രത്തിന്റെ ഭാവി ഇപ്പോൾ കോടതിവിധിയെ ആശ്രയിച്ചിരിക്കുകയാണ്.