ആറ് ബോളില്‍ ആറ് സിക്‌സ് അടിച്ച് മിന്നല്‍ മുരളി ; സ്പീഡ് പരീക്ഷിച്ച് യുവരാജ് സിങ്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് ‘മിന്നല്‍ മുരളി’. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മിന്നല്‍ മുരളിയുടെ ആദ്യ ട്രെയ്ലറിന് തന്നെ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രെയ്ലര്‍ എന്ന റെക്കോര്‍ഡ് നേടിയിരുന്നു. ഒരു കോടിയിലേറെ ആളുകളാണ് ട്രെയ്ലര്‍ ഇതുവരെ കണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സാക്ഷാല്‍ യുവരാജ് സിങിനോട് ഏറ്റുമുട്ടുകയാണ് മിന്നല്‍ മുരളി. ഇതിനു മുന്‍പ് റെസ്ലിംങ് താരം ദ ഗ്രേറ്റ് ഖാലിയുമൊത്തുള്ള സൂപ്പര്‍ ഹീറോ ടെസ്റ്റിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ഗ്രേറ്റ് ഖാലി പരീക്ഷിച്ചത് മിന്നല്‍ മുരളിയുടെ ബലമായിരുന്നെങ്കില്‍ യുവരാജ് സിങ് പരീക്ഷിച്ചത് സ്പീഡായിരുന്നു. ആറ് ബോളില്‍ ബാറ്റും ബോളും ചെയ്ത് ആറ് സിക്സറാണ് മിന്നല്‍ മുരളി അടിച്ചത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

ചിത്രത്തിന് വേണ്ടി വമ്പന്‍ പ്രമോഷനല്‍ തന്ത്രങ്ങളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഒറുക്കിയിരിക്കുന്നത്. പ്രമോ വീഡിയോയുടെ അന്ത്യത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ് മിന്നല്‍ മുരളിയോടൊപ്പം എത്തുന്നത്. ഡിസംബര്‍ 24ന് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചെങ്കിലും നെറ്റ്ഫ്ളിക്ക്സില്‍ റിലീസ് ചെയ്യുന്ന സമയം വ്യക്തമാക്കിയിരുന്നില്ല. റിലീസ് ചെയ്യുന്ന സമയം ടൊവിനോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരാധകരോട് പങ്കുവെച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ളിക്ക്സില്‍ റിലീസ് ചെയ്യുന്നത്.

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്.

Leave a Comment