സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടന്‍ ആരാണ് ?

രാജനികാന്തിനും , കമലഹാസ്സനും ശേഷം സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍
ആരാധകരുള്ള തമിഴ് നടന്‍ ആരാണ്? ശരിയായ ഉത്തരം ഇതുവരെ കണ്ടെത്താനാകാത്ത
ഒരു ചോദ്യമാണിത് . എന്നാല്‍ അത് അറിയുവാന്‍ ഈ വിശകലനം ഒന്ന് വായിച്ചാല്‍
മതിയാകും.

1.അജിത്‌
AJITH SOUTH

തല എന്ന വിശേഷണവുമായി തമിഴകത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് അജിത്‌. പത്താം ക്ലാസ് പഠനം പോലും പൂര്‍ത്തിയാക്കാതെ ഇദ്ദേഹം മെക്കാനിക്കായി ജോലി ചെയ്തിരുന്നു . വ്യക്തമായ സിനിമാ പാരമ്പര്യമോ, പിന്ബലമോ ഇല്ലാതെയാണ് അജിത്‌ തമിഴകത്തേക്ക് ചുവടു വയ്ക്കുന്നത്. അവിടെ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ ആരാധക പിന്തുണയുള്ള താരമായി അജിത്‌ വളര്‍ന്നത്. റൊമാന്സില്‍ തുടങ്ങി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചും പിന്നീട് അധോലോക നായക വേഷങ്ങള്‍ വരെ എത്തി നില്‍ക്കുന്നു അജിത്തിന്റെ വേഷങ്ങള്‍. നിരവധി ഹിറ്റ്‌ ചിത്രങ്ങല്‍ക്കുടമയായ അജിത്തിനു തന്നെയാണ് തമിഴകത്ത് ആരാധകര്‍ ഏറെയുള്ളത്. കരിയറിന്റെ തുടക്ക കാലത്ത് അദ്ദേഹം പിരിച്ചു വിട്ട ഫാന്‍സ്‌ ക്ലബ്ബുകളുടെ എണ്ണമെടുത്താല്‍ ഇന്ന് സഹതാരങ്ങളായ സൂര്യയ്ക്കും , വിജയ്ക്കുമുള്ള ഫാന്‍സ്‌ അസോസ്സിയേഷനുകള്‍ ചേര്‍ത്തു വെച്ചാലും തികയാതെ വരും . എന്നാല്‍ ഈ അടുത്ത കാലത്ത് അദ്ധേഹത്തിന്റെ സിനിമകള്‍ക്ക് മറ്റു നടന്മാരുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതീക്ഷ ലഭിക്കാറില്ല എന്നതും വാസ്തവമാണ് . ഒരുപക്ഷെ ഒരേ തരത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും , ഒരേ സംവിധായകര്‍ക്കൊപ്പം പ്രവര്തിക്കുന്നതുമാകാം അതിനു കാരണം . സിനിമ കൂടാതെ കാര്‍ രേയ്സിംഗ് ചാമ്പ്യന്‍ഷിപ്പുകളിലും സ്ഥിരം സാനിദ്ധ്യമായിരുന്നു അജിത്‌ , അപകടങ്ങളില്‍പ്പെട്ടു നിരവധി സര്‍ജറികളും ചെയ്തിട്ടുണ്ട് ഇദേഹത്തിന് . തമിഴകത്തിന് പുറത്ത് അജിത്തിനു ഏറെ ആരാധക പിന്തുണയുള്ളത് കര്‍ണാടകയിലാണ് . വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാകാത്ത വിധത്തില്‍ എല്ലാ അജിത്‌ ചിത്രങ്ങളും ഇവിടെ ഒടാറുണ്ട് . ആന്ധ്ര / തെലുങ്കാന സംസ്ഥാനങ്ങളിലും ആരാധകര്‍ കുറവല്ല . കേരളത്തില്‍ വിജയ്ക്കും,സൂര്യയ്ക്കുമുള്ളയത്ര ആരാധകരില്ലെങ്കിലും 50 ലധികം തിയേറ്ററുകളില്‍ അജിത്‌ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്.മങ്കാത്ത പോലുള്ള ചിത്രങ്ങള്‍ കേരളത്തില്‍ മികച്ച വിജയം നേടിയതും അജിത്തിന്റെ ആരാധക പിന്തുണ വ്യക്തമാക്കുന്നു,എങ്കിലും കൂടുതലും സൈലന്റ് ഫാന്സാണ് ഇവിടെയുള്ളത്.നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഇദ്ദേഹം അഭിനയത്തിലും അത്ര മോശമല്ല എന്ന് തെളിയിച്ചതാണ്.വേതാളമാണ് അവസാനമായി ഇറങ്ങിയ ചിത്രം , സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രവും തമിഴ് നാട്ടില്‍ സാമ്പത്തിക ലാഭം കൊയ്തു. 100 കോടി ക്ലബില്‍ കയറിയ 2 ചിത്രങ്ങളാണ് അജിത്തിനുള്ളത് .

2.വിജയ്‌
VIJAY SOUTH

ഇളയ ദളപതി എന്ന വിളിപ്പേരുമായി ആരാധകരുടെ മനസ്സ് കീഴടക്കിയ നടനാണ്‌ വിജയ്‌. സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖറിന്റെ മകനായി തമിഴ് നാട്ടില്‍ ജനനം. ഇദ്ദേഹത്തിന്റെ മാതാവ് ശോഭ സിനിമയിലെ എഴുത്തുകാരി കൂടിയാണ്. ഒരു സിനിമാ കുടുംബത്തിലാണ് വിജയ്‌ ജനിച്ചത് എന്ന് പറയാം. അഭിനയ ജീവിതത്തിലെ ആദ്യ കാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും , ബാല താരമായും ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചാണ് തുടക്കം . പിന്നീട് നായക നിരയിലേക്ക് ഉയര്‍ന്നു വന്നു. റൊമാന്റ്റിക് ഹീറോ എന്ന ലേബലിലാണ് ആരംഭകാലമെങ്കിലും പിന്നീട് മാസ്സ് ഹീറോ പരിവേഷമുള്ള ഒരു താരമായി മാറി വിജയ്‌. സ്റ്റൈല്‍ , മാസ്സ് എന്നിവയില്‍ രജനികാന്തിന്റെ പിന്മുറക്കാരന്‍ എന്നായിരുന്നു വിജയ്‌ അറിയപ്പെട്ടിരുന്നത്. പിതാവ് എസ് എ ചന്ദ്രശേഖറാണ് നാലായ തീര്‍പ്പ്‌ എന്ന ചിത്രത്തിലൂടെ വിജയിനെ നായക നിരയിലേക്ക് എത്തിച്ചത് . ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായിരുന്നെങ്കിലും നിര്‍മ്മാതാവും, കഥാകൃത്തുമായി വിജയുടെ മാതാവ് ശോഭ കൂടി ചേര്‍ന്ന് 3 ചിത്രങ്ങള്‍ കൂടി തുടരെ ചെയ്തു . ആദ്യ കാല ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നെങ്കിലും ഹിറ്റുകള്‍ ലഭിച്ചു തുടങ്ങിയതില്‍ പിന്നെ വിജയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ മലയാളം,തെലുങ്ക് ചിത്രങ്ങളുടെ റീമേയ്ക്കുകള്‍ ചെയ്ത് വിജയ്‌ തന്റെ താര പദവി ഭദ്രമാക്കി. തമിഴകത്ത് സ്വന്തമായൊരു സ്ഥാനമുണ്ടാക്കാന്‍ ഏറെ കാത്തിരുന്നെങ്കിലും താരമായി മാറിയതോടെ മടിച്ചു നിന്ന പല സൂപ്പര്‍ ഹിറ്റ് സംവിധായകരും ഇദ്ദേഹത്തിന്റെ ചിത്രത്തിനുള്ള ഡേറ്റ് ലഭിക്കുന്നതിനായി കാത്തിരുന്നു. തമിഴ് നാട്ടില്‍ അജിത്‌ കഴിഞ്ഞാല്‍ ഫാന്‍സ്‌ അസ്സോസിയേഷനുകളുടെയും റിലീസിംഗ് സെന്‍ററുകളുടെയും എണ്ണത്തില്‍ മുന്‍പന്തിയിലാണ് വിജയ്‌ ചിത്രങ്ങള്‍ . തമിഴകത്തിന് പുറത്ത് കേരളത്തിലും വലിയൊരു ആരാധക വൃന്ദമാണ് വിജയ്ക്കുള്ളത് . കമലഹാസ്സന് ശേഷം കേരളത്തില്‍ ഇത്രയും സ്വീകാര്യത നേടിയ വേറൊരു നടന്‍ ഉണ്ടായിരുന്നില്ല . സൂര്യ എന്ന നടന്‍ വരുന്നത് വരെ കേരളത്തില്‍ തമിഴ് സിനിമയെന്നാല്‍ വിജയ്‌ ആയിരുന്നു . ഇപ്പോള്‍ 200 നു അടുത്ത് റിലീസിംഗ് സെന്‍ററുകളിലാണ് വിജയ്‌ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. കര്‍ണ്ണാടകയിലും മാസ്സ് ഹീറോ തന്നെയാണ് വിജയ്‌ , പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഇദ്ദേഹത്തിന് അവിടെയുണ്ട് . ആന്ധ്ര / തെലുങ്കാന സംസ്ഥാനങ്ങളില്‍ മാത്രമാണ് കാര്യമായ ആരാധക പിന്തുണ നേടാന്‍ വിജയ്ക്ക് സാധിക്കാതെ പോയത് . വിജയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായ പല ചിത്രങ്ങളും തെലുങ്ക് ചിത്രങ്ങളുടെയും റീമേയ്ക്കായതിനാല്‍ മൊഴി മാറ്റത്തിനുള്ള സാധ്യത ഇല്ലായിരുന്നതാണ് ഇതിനു കാരണം . എങ്കിലും മൊഴി മാറ്റം നടത്താതെ തന്നെ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്യാറുണ്ട് . അഭിനയത്തില്‍ പരിമിതികള്‍ ഉള്ളതിനാല്‍ അവാര്‍ഡുകളുടെ കാര്യത്തിലൊക്കെ പിന്നിലാണെങ്കിലും ഡാന്‍സിലും , ആരാധകരുടെ മനസ്സ് കീഴടക്കുന്നതിലും ഇദ്ദേഹത്തിനുള്ള കഴിവ് സൌത്ത് ഇന്ത്യയില്‍ അധികമാര്‍ക്കുമില്ല . 100 കോടി ക്ലബില്‍ കയറിയ 2 ചിത്രങ്ങളാണ് വിജയ്ക്കുള്ളത്. അവസാനമായി റിലീസായ തെറിയും ഉടനെ 100 കോടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ .

3.സൂര്യ
SURIYA SOUTH

നടിപ്പിന്‍ നായകന്‍, സിങ്കം തുടങ്ങിയ നിരവധി വിളിപ്പേരുകളുണ്ടെങ്കിലും ശരവണന്‍ എന്ന നാമത്തിനു പകരമായി സംവിധായകന്‍ മണി രത്നം നല്‍കിയ ” സൂര്യ ” എന്ന പേരിലറിയപ്പെടാനാണ് ഈ നടനു താല്‍പ്പര്യം. അതുകൊണ്ട് തന്നെ ചിത്രങ്ങളില്‍ തന്റെ പേരിനൊപ്പം തലക്കെട്ടുകള്‍ ചേര്‍ക്കാന്‍ സൂര്യ അനുവദിക്കാറില്ല. വിജയിനെപ്പോലെ
തന്നെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് സൂര്യയുടെയും ജനനം . പിതാവ് ശിവകുമാര്‍ തമിഴിലെ അറിയപ്പെടുന്ന നടന്മാരിലൊരാലായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരു വസ്ത്ര സ്ഥാപനത്തില്‍ അക്കൌണ്ടണ്ടായി ജോലി ചെയ്യുമ്പോള്‍ സാക്ഷാല്‍ മണി രത്നം തന്നെയാണ് ഇദ്ദേഹത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത് ,എന്നാല്‍ അഭിനയിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ സൂര്യ ആ അവസരം പാഴാക്കി . പിന്നീട് അഭിനയ മോഹം തോന്നിയപ്പോള്‍ മണി രത്നം തന്നെ നിര്‍മ്മിച്ച നേര്‍ക്ക്‌ നേര്‍ ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം . തന്റെ കോളേജിലെ സുഹൃത്തും തമിഴകത്തെ മുന്‍നിര നായകനുമായ
വിജയോടോപ്പമായിരുന്നു ഈ ചിത്രത്തില്‍ സൂര്യ അഭിനയിച്ചത് . എന്നാല്‍ തുടക്കത്തില്‍ ഇറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടത് സൂര്യയ്ക്ക് തിരിച്ചടിയായി. അഭിനയവും മോശമായതിനാല്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു, എന്നാല്‍ റീമേയ്ക്കുകള്‍ക്കും മറ്റും പുറകെ പോകാതെ പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ സൂര്യ തീരുമാനിച്ചതാണ് സൂര്യയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത് . കാക്ക കാക്ക എന്ന പരീക്ഷണ ചിത്രം വന്‍ വിജയമായി മാറി. തന്റെ അഭിനയത്തിലെ പോരായ്മകള്‍ ഒന്നൊന്നായി പരിഹരിച്ചു മികച്ച നടനെന്ന പേരും സൂര്യ നേടി . പിന്നാലെ വ്യത്യസ്തമായ വേഷങ്ങളും സൂര്യ തിരഞ്ഞെടുത്തു . അഭിനയ പ്രാധാന്യമുള്ളവയായിരുന്നു ഇവയിലേറെയും എന്നിട്ടും അതൊക്കെ വാണിജ്യ വിജയങ്ങളായി മാറി . വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മികച്ച നടനെന്ന പേരും, താര പദവിയും ഒരുപോലെ സൂര്യയെ തേടിയെത്തി . ഗജനിയെന്ന ചിത്രം വന്‍ വിജയമായതോടെ സൂര്യ തന്റെ പേര് സൗത്ത് ഇന്ത്യന്‍ ലോകത്ത് എഴുതി ചേര്‍ത്തു . ഈ ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെയും സ്വന്തമാക്കി . ഒരുപക്ഷേ വിജയ്‌ ചിത്രങ്ങള്‍ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് കാക്ക കാക്കയ്ക്കും,ഗജനിയ്ക്കും കേരളത്തിലും ലഭിച്ചത് . കരിയര്‍ ഗ്രാഫ് നോക്കിയാല്‍ വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ടാണ് ബിഗ്‌ ബജറ്റ് ചിത്രങ്ങളിലെ നായകനായി സൂര്യ മാറിയത്. തമിഴകത്ത് അജിത്‌, വിജയ്‌ ചിത്രങ്ങള്‍ക്കൊപ്പം റിലീസിംഗ് സെന്‍ററുകള്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്നുണ്ട് . തെലുങ്ക്‌ സിനിമ ലോകത്ത് (ആന്ധ്രാ / തെലുങ്കാന ) കടുത്ത ആരാധകരെ സ്വന്തമാക്കിയതാണ്‌ സൂര്യയ്ക്ക് ലഭിച്ച വലിയ നേട്ടം . ഇന്ത്യയിലേ തന്നെ രണ്ടാമത്തെ വലിയ ഇന്‍ഡസ്ട്രിയായ ഇവിടെ പ്രാരംഭ കാലത്ത് തന്നെ മൊഴിമാറ്റ ചിത്രങ്ങള്‍ ഇറക്കി വിജയിച്ചതാണ് ഇതിനു കാരണം. ഇന്ന് രജനികാന്തിനും , കമലഹാസ്സനും ശേഷം ഒരേ സമയം തമിഴ്, തെലുങ്ക്‌ പതിപ്പുകള്‍ റിലീസ് ചെയ്യുന്ന ഒരേ ഒരു തമിഴ് നടനും സൂര്യയാണ്. അതുകൊണ്ട് തന്നെ 600 ല്‍ അധികം തിയേട്ടറുകളിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്യുന്നത്. 3 സംസ്ഥാനങ്ങളില്‍ ഒരേ സമയം 100 ദിവസം തികച്ച ചിത്രങ്ങളും ഇദ്ദേഹത്തിന് മാത്രം സ്വന്തമാണ്. ഇത്രയോക്കെയുണ്ടായിട്ടും അടുത്തിടെയായി ആരാധകര്‍ക്ക് മാത്രം രസിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സൂര്യ ചെയ്ത് വരുന്നത് . ഇത് കരിയര്‍ ഗ്രാഫ് താഴാന്‍ കാരണമായേക്കാം . സൂര്യ എന്ന നടനില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഒന്നിനൊന്നു വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് എന്നതാണ് ഇതിന്റെ കാരണം. പ്രതിഫലത്തില്‍ വിജയ്‌ , അജിത്‌ എന്നിവരേക്കാള്‍ പിന്നിലാണെങ്കിലും തെലുങ്ക് പതിപ്പിന് ലഭിക്കുന്ന തുക കൂടിയായാല്‍ സൂര്യയാകും മുന്‍പന്തിയില്‍.രണ്ട് 100 കോടി നേടിയ ചിത്രങ്ങള്‍ സൂര്യയ്ക്കും ഉണ്ട് . അവസാനമിറങ്ങിയ ചിത്രങ്ങളൊക്കെ ബോക്സോഫീസില്‍ ശരാശരിയില്‍ ഒതുങ്ങി. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന 24 ആണ് സൂര്യയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങാനുള്ള ചിത്രം.

ഈ പറഞ്ഞതിനൊക്കെ പുറമേ സാമൂഹ്യ സേവന രംഗത്തും , പെരുമാറ്റതിലുമൊക്കെ
ഈ 3 നടന്മാര്‍ക്കും പകരം വെയ്ക്കാന്‍ തമിഴ് സിനിമയില്‍ വേറെയാരുമില്ല .
ഇത്രയും വായിച്ച ശേഷം ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ, സൗത്ത് ഇന്ത്യയില്‍ ഏറ്റവും
കൂടുതല്‍ ആരാധകരുള്ള നടന്‍ ഇവരില്‍ ആരാണ് ???