താരസംഘടനയുടെ കെട്ടിടത്തിന് സ്വന്തം പോക്കറ്റില്‍ നിന്നുള്ള പണം മതി, അജിത്തിനോടുള്ള ദേഷ്യം പാട്ടില്‍ തീര്‍ത്ത് വിശാല്‍

ആരാധകബാഹുല്യത്തില്‍ രജനീകാന്തിന്റെ പിന്‍ഗാമിയായിട്ടാണ് തലയെ തമിഴകം പരിഗണിക്കുന്നത്. മുന്‍നിര യുവതാരങ്ങള്‍ ഉള്‍പ്പെടെ കോളിവുഡില്‍ അജിത് ആരാധകരായുണ്ട്. നടികര്‍ സംഘം നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് അജിത്ത് വിട്ടുനിന്നതാണ് തമിഴകത്തെ പുതിയ വിവാദം. രജനീകാന്തും കമല്‍ഹാസനും ഉള്‍പ്പെടെ തമിഴ് താരനിര അണിനിരന്ന ചടങ്ങില്‍ അജിത്തും വിജയും പങ്കെടുത്തിരുന്നില്ല. വിജയ് വിട്ടുനില്‍ക്കുമെന്ന് സംഘാടകര്‍ക്ക് അറിയാമായിരുന്നുവെങ്കിലും നടികര്‍ സംഘത്തിന്റെ പുതിയ ഭാരവാഹികളോട് അടുപ്പം പുലര്‍ത്തുന്ന അജിത്തിന്റെ അസാന്നിധ്യം നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലിനെ ചൊടിപ്പിച്ചു. ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ നടന്ന പാര്‍ട്ടിയില്‍ അജിത്തിന്റെ യെന്നൈ അറിന്താലിലെ ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യാനുള്ള താരങ്ങളുടെ നീക്കവും വിശാല്‍ ഇടപെട്ട് തടഞ്ഞു.

അദാരു അദാറു എന്ന പാട്ട് ഡിജെ പാര്‍ട്ടിക്കായ് പ്ലേ ചെയ്യുന്നതിനിടെയാണ് വിശാല്‍ ഇടപെട്ട് നിര്‍ത്തിവച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടികര്‍ സംഘത്തിന് സ്വന്തമായി ആസ്ഥാനമന്ദിരം പണിയുമെന്ന വാഗ്ദാനത്തിനൊപ്പമാണ് വിശാലിന്റെ നേതൃത്വത്തിലുള്ള പാനല്‍ നടികര്‍ സംഘം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. താരസംഘടനയ്ക്ക് കെട്ടിടം പണിയാന്‍ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനെ അജിത്ത് എതിര്‍ത്തിരുന്നതായാണ് സൂചന. ചടങ്ങിന് ക്ഷണിക്കാനായി അജിത്തിനെ കണ്ടപ്പോള്‍ താരങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കെട്ടിടം നിര്‍മ്മിക്കണമെന്നും അല്ലാതെ പൊതുജനങ്ങളില്‍ നിന്ന് പണം കണ്ടെത്തരുതെന്നും അജിത്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഡിജെ പാര്‍ട്ടി വിലക്കുകയും അജിത്തിന്റെ ഗാനം ഓഫ് ചെയ്യുകയും ചെയ്ത വിശാലിന്റെ നടപടിക്കെതിരെ ചില താരങ്ങള്‍ പരസ്യമായി പ്രതിഷേധിച്ചെന്നും സൂചനയുണ്ട്. അജിത്ത് ആരാധകരും വിശാലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.