ടൊവിനോ തോമസിന്റെ ചിത്രം ‘മിന്നല്‍ മുരളി’ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് മിന്നല്‍ മുരളി ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ഇക്കാര്യം ബേസില്‍ ജോസഫും ടൊവിനോ തോമസും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ബിന്തി, വര്‍ക്ക് ഫോഴ്‌സ്, ഗ്രിറ്റ്, മ്യൂട്ട് ഫയര്‍ എന്നിവയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍. ക്രിസ്മസ് റിലീസായാണ് നെറ്റ്ഫ്‌ലിക്‌സില്‍ മിന്നല്‍ മുരളി എത്തിയത്. 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും മിന്നല്‍ മുരളി ഒന്‍പതാം സ്ഥാനത്ത് എത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു മിന്നല്‍ മുരളി.
കുറുക്കന്‍മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്‌സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന്‍ പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് മിന്നല്‍ മുരളിയില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയില്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്. ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.