‘എന്നെ വെല്ലുവിളിച്ച ചിത്രമാണ് മേപ്പടിയാന്‍’ ; എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്ന് ഉണ്ണി മുകുന്ദന്‍

ണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

‘ഒരിക്കലും മറ്റൊരു ചിത്രം പോലെ അല്ല എനിക്ക് മേപ്പടിയാന്‍. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാന്‍ നല്‍കിയ ഓരോ സെക്കന്‍ഡും അത് അര്‍ഹിക്കുന്നതായിരുന്നു എന്നു പറയാന്‍ അഭിമാനമുണ്ട്. മേപ്പടിയാന്‍ കണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇനി കാണാനുള്ളവര്‍ കാണുക. മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാന്‍. ‘ജയകൃഷ്ണനാ’വാന്‍ വിഷ്ണു മോഹന്‍ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയര്‍പ്പിച്ചതും, പിന്നീട് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്ദാനം ചെയ്തിരുന്നതുപോലെ ചിത്രം തിയറ്ററുകളില്‍ എത്തിച്ചതുമൊക്കെ എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ സ്‌നേഹത്തിന് നന്ദി. മേപ്പടിയാന്‍ ഇഷ്ടപ്പെട്ട്, സോഷ്യല്‍ മീഡിയയില്‍ പ്രശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി. എല്ലാ മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. ഇതായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാന്‍ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ എന്റെ സംഘാംഗങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി’.

Leave a Comment