പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപെട്ടിരിക്കുകയാണ് ബേസില്‍ ജോസഫ് ഒരുക്കിയ മലയാള ചിത്രം മിന്നല്‍ മുരളി. പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിക്കഴിഞ്ഞു മിന്നല്‍ മുരളിയിലെ മിന്നും പ്രകടനം കാഴ്ച്ചവെച്ച ടൊവിനോ തോമസും. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ടോപ് 10 ഒന്നാം സ്ഥാനത്താണ് ‘മിന്നല്‍ മുരളി’എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ‘മിന്നല്‍ മുരളി’യിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ ടൊവിനോയുടെ പഴയ ഫെയ്സ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’- 2011 ജൂണില്‍ ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.
തന്റെ ലക്ഷ്യത്തിലേക്കും സ്വപ്നത്തിലേക്കും എത്താന്‍ താന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും കഠിനാധ്വാനവും എത്രത്തോളം വലുതാണെന്ന് ഈ കുറിപ്പിലൂടെ വ്യക്തമാണ്. രണ്ട് വര്‍ഷം മുന്‍പും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോള്‍ മിന്നല്‍ മുരളിയിലൂടെ രാജ്യമെമ്പാടും ശ്രദ്ധ നേടിയതോടെ തമിഴ് ആരാധകര്‍ അടക്കമുള്ളവര്‍ അവരുടെ ഫെയ്സ്ബക്കിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും ഈ പോസ്റ്റ് പങ്കുവെക്കുന്നുണ്ട്.