ചിരിയുടെ പൂരം തീര്‍ത്ത് ബിബിന്‍ ജോര്‍ജും ടീമും ; അഡ്വഞ്ചര്‍ കാഴ്ചകളുടെ ആഘോഷവുമായി ‘തിരിമാലി’ തിയേറ്ററുകളില്‍

ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘തിരിമാലി’ തിയേറ്ററുകളില്‍. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സസ്പെന്‍സ് നിറച്ച ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറാണ് ചിത്രം. കേരളവും നേപ്പാളും പശ്ചാത്തലമായ യോദ്ധ എന്ന ചിത്രത്തിന് ശേഷം ആ സിനിമയുടെ അതേ സമാനതകളുള്ള ഒരു ചിത്രമാണിത്. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. കൂട്ടുകാരനായി എത്തുന്നത് ധര്‍മ്മജനും. നാട്ടിലെ പലിശക്കാരന്‍ അലക്സാണ്ടറായി എത്തുന്നത് ജോണി ആന്റണിയാണ്. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ചിത്രത്തിന്റെ തിരകഥാകൃത്ത് സേവ്യര്‍ അലക്സാണ്. ഇന്നസെന്റ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നേപ്പാള്‍ സൂപ്പര്‍ താരം സ്വസ്തിമ കട്ക മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും തിരിമാലിക്കുണ്ട്.

ഹിമാലയന്‍ താഴ് വരയിലെ ലുക്ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിര്‍ണായകരംഗങ്ങള്‍ ചിത്രീകരിച്ചത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു.

Leave a Comment