ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് നായകനായ തെരി 1200 ഓളം സ്ക്രീനിലാണ് ലോകമെമ്പാടും റിലീസ് ചെയ്തത് . രാജ റാണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും , സൂപ്പർ ഹിറ്റ് സംവിധായകർക്കൊപ്പം ചേരുമ്പോൾ വിജയ് ചിത്രത്തിന് ലഭിക്കുന്ന ബോക്സ് ഓഫീസ് പവറും പ്രകടമാക്കിയ സിനിമയായിരുന്നു തെരി .
തമിഴ് നാട്ടിൽ മാത്രം 13.23 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ലോകമെമ്പാടും 28 കോടിയോളമാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം 15.1 കോടി നേടിയ അജിത് ചിത്രം വേതാളം മാത്രമാണ് തമിഴകത്ത് തെരിക്ക് മുൻപിൽ കീഴടങ്ങാത്ത ഒരേ ഒരു റെക്കോർഡ് . എന്നാൽ കേരളത്തിൽ 2.56 കോടിയും ,കർണാടകയിൽ 2.24 കോടിയും വീതം നേടി ചിത്രം പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമാണ് തെരിക്ക് കാര്യമായ കളക്ഷൻ നേടാനാവാതിരുന്നത് .
എന്നാൽ സൂര്യ ,രജനികാന്ത് , കമൽഹാസ്സൻ ചിത്രങ്ങൾക്ക് ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷൻ ആണ് ആദ്യ ദിനത്തിൽ തെരിക്ക് ഇവിടെ ലഭിച്ചത് . വിതരണാവകാശം 2 കോടി എന്ന ചെറിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നതിനാൽ ചിത്രത്തിന് ലഭിക്കുന്ന കളക്ഷൻ അതിലും മുകളിലായാൽ വിതരണക്കാർക്ക് നഷ്ടമാകില്ലെന്ന് ഉറപ്പാണ് .
എന്നാൽ ആദ്യ ദിനത്തിനു ശേഷം ചിത്രത്തിന്റെ കളക്ഷൻ കുത്തനെ കുറഞ്ഞതാണ് വിതരണക്കാരെ ഇപ്പോൾ ഭീതിയിലാഴ്ത്തുന്നത് .
ഏപ്രിൽ 14 നു റിലീസ് ദിനത്തിൽ 28 കോടി സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ദിനത്തിൽ ആകെ ലഭിച്ചത് 9.4 കോടി രൂപ മാത്രമാണ് .
മൂന്നാം ദിനത്തിൽ DCR ( Daily Collection Report ) റിപ്പോർട്ട് അനുസരിച്ച് 8 കോടിയിലും താഴെയാണ് തെരിയുടെ കളക്ഷൻ .
തെരി സോളോ റിലീസ് ആയിരുന്നെങ്കിലും പിന്നാലെ ഷാരൂഖ് ഖാൻ ചിത്രമായ “ഫാൻ” റിലീസ് ചെയ്തതോടെ തിയേറ്ററുകളുടെ എണ്ണത്തിലുണ്ടായ വൻ ഇടിവാണ് ചിത്രത്തിന്റെ കളക്ഷൻ കുത്തനെ കുറയാൻ കാരണമായതെന്നാണ് വിതരണക്കാരുടെ മറുപടി . അടുത്ത ഒരു മാസത്തിനുള്ളിൽ കൂടുതൽ ചിത്രങ്ങൾ റിലീസ് ഉള്ളതിനാൽ സെന്ററുകൾ ഇനിയും കുറഞ്ഞാൽ തെരി ബോക്സ് ഓഫീസ് പരാജയം നേരിടുമോ എന്ന ഭീതിയിലാണ് വിതരണക്കാർ. ഒരു ചിത്രത്തിന്റെ വിജയത്തിനു ആരാധക പിന്തുണ മാത്രം പോരാ എന്നതിനു ഉത്തമ ഉദാഹരണമായി മാറുകയാണ് തെരി . വിജയെ പോലൊരു സൂപ്പർ താരത്തിന്റെ ഡേറ്റ് കിട്ടിയപ്പോൾ പതിവ് മാസ്സ് മസാല ചേരുവകൾ ചേർത്ത് പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു ചിത്രം തട്ടിക്കൂട്ടിയ അറ്റ്ലീ പരാജയപ്പെട്ടത് തിരക്കഥ ഒരുക്കിയപ്പോളാണ് .
ആരാധകർക്ക് വേണ്ടി മാത്രം ഒരുക്കിയ ഒരു ചിത്രം എന്ന ലേബലാണ് ചിത്രം ബോക്സ് ഒഫീസിൽ തകരാൻ കാരണമായതെന്നും അഭ്യൂഹങ്ങളുണ്ട്.