പ്രേക്ഷകരെ ചിരിപ്പിച്ച് ദസ്തക്കീറും സുലുവും ; ലാല്‍ജോസ് ചിത്രം ‘മ്യാവൂ’ ട്രെയ്‌ലര്‍ കാണാം

ലാല്‍ജോസ് എന്നൊക്കെ പ്രവാസികളുടെ കഥ പറഞ്ഞിട്ടുണ്ടോ അതെല്ലാം തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. വീണ്ടും ഒരു പ്രവാസിയുടെ കഥയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച ചിത്രത്തിലെ സൗബിന്‍ ഷാഹിര്‍ പാടിയ ‘ചുണ്ടെലി ചുരുണ്ടെലി’ എന്നാരംഭിക്കുന്ന പ്രൊമോ ഗാനത്തിന് വന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയ്‌ലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലര്‍ കണ്ടതിന് ശേഷം പ്രേക്ഷകര്‍ പറയുന്നത്. ‘സൗബിനിക്കാടെ ഒരു വ്യത്യസ്തമായ വേഷം തന്നെ ആകും ‘മ്യാവൂ’ എന്നും ലാല്‍ജോസ്-ഇഖ്ബാല്‍ കുറ്റിപ്പുറം എന്നിവരുടെ വമ്പന്‍ തിരിച്ചുവരവായിരിക്കു’മെന്നെല്ലാമാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. എന്തായാലും ക്രിസ്തുമസ് ഈ ചിത്രത്തിനൊപ്പം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഇവരെ കൂടാതെ യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്. ട്രെയ്ലര്‍ പോസ്റ്ററില്‍ ട്രോഫിയേന്തി വിജയാഹ്ലാദത്തില്‍ തോളിലേറിയ സൗബിന്‍ ഷാഹിറിന്റെ ചിത്രം വൈറലായിരുന്നു. ഒന്നാം സമ്മാനമായ എവര്‍റോളിംഗ് ട്രോഫിയാണ് സൗബിന്റെ കയ്യില്‍.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ ചിത്രം കൂടിയാണിത്. ദുബായിലേക്ക് പോയി അവിടെ കുടുംബവും ജീവിതവും നയിക്കുന്ന ദമ്പതികളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബുവാണ് നിര്‍വഹിക്കുന്നത്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സാണ് സംഗീതം പകരുന്നത്. ഡിസംബര്‍ 24-ന് എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Comment