‘തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളില്‍ ഒന്നെന്ന് ശോഭന ; ‘സൂപ്പര്‍ സ്റ്റാറുകള്‍’ കണ്ടുമുട്ടിയപ്പോള്‍

മലയാള സനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് മഞ്ജു വാര്യരും ശോഭനയും. നൃത്തവും അഭിനയവും കൊണ്ട് ഇരുവരും മലയാളികളുടെ പ്രിയങ്കരിമാരാണ്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ശോഭനയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയാണ് ശോഭന സോഷ്യല്‍ മീഡിയകളില്‍ സജീവമായത്. സോഷ്യല്‍ മീഡിയ വഴി താരം തന്റെ സിനിമാ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ശോഭന പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളില്‍ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്.

പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ വിലമതിക്കാനാവാത്തത് എന്ന ക്യാപ്ഷനോടെ ഇരുവരും ഒത്തുള്ള ചിത്രം മഞ്ജുവും പങ്കുവെച്ചു. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ കൂടുതലും ശോഭന പങ്കുവെക്കാറുള്ളത് നൃത്തത്തെ ക്കുറിച്ചാണ്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് ശോഭനയ്ക്ക് ഒമിക്രോണ്‍ പോസിറ്റീവായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇരുകൈയ്യും നീട്ടാണ് ശോഭനയെ തിരിച്ചുവരവില്‍ ആരാധകര്‍ സ്വീകരിച്ചത്.

മഞ്ജു വാര്യരുടെ റിലീസായ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയിരുന്നു. ജാക്ക് ആന്റ് ജില്‍, ആയിഷ, ലളിതം സുന്ദരം, മേരി ആവാസ് സുനോ, പടവെട്ട്, കയറ്റം, കാപ്പ തുടങ്ങിയ സിനിമകള്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.

Leave a Comment