കൊവിഡ് വര്‍ധിച്ചു വരുന്നു ; ഷെയിന്‍ നിഗം നായകനാകുന്ന ചിത്രം ‘വെയില്‍’ റിലീസ് മാറ്റി

നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗ്ഭീര പ്രതികരണമായിരുന്നു ട്രെയ്‌ലറിന് ലഭിച്ചത്. സിദ്ധാര്‍ഥ് എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആണ്‍മക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ധാര്‍ഥിന്റെ റൊമാന്റിക് ട്രാക്കും ചിത്രത്തിലുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിനിമയുടെ റിലീസ് മാറ്റുന്നതായി നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ് അറിയിച്ചത്.

‘തിയറ്ററില്‍ ഉടമകളുടെ അഭ്യാര്‍ത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങള്‍ വെയില്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയില്‍ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കുറിപ്പിലൂടെ വ്യക്തമാക്കി.

സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെയിലിലെ അഭിനയത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. തമിഴില്‍ പ്രശസ്തനായ പ്രദീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പലവിധ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത്.

Leave a Comment