“സാറ താൻ റെഡിയായി എന്ന് സ്വയം തോന്നുമ്പോൾ മതി ഇതൊക്കെ.തന്റെ ശരീരമാണ്. തീരുമാനവും തന്റേതായിരിക്കണം”

സാറ താൻ റെഡിയായി എന്ന് സ്വയം തോന്നുമ്പോൾ മതി ഇതൊക്കെ.തന്റെ ശരീരമാണ്. തീരുമാനവും തന്റേതായിരിക്കണം”


Better not be a parent than be a bad parent”


സിദ്ധിഖിന്റെ ഡോക്ടർ കഥാപാത്രത്തോട് ഇത്രയേറെ പ്രണയം തോന്നിയ നിമിഷം, ഈ രണ്ട് ഡയലോഗുകൾ Sara’S എന്ന മലയാള സിനിമയിൽ നിന്നും പ്രത്യേകം എടുത്ത് സൂക്ഷിച്ചു വച്ചതാണ്.തനിക്ക് പ്രസവിക്കണ്ട എന്ന് തീരുമാനിക്കുന്ന സാറയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും നേരിടാൻ സാറയ്ക്ക് ആത്മവിശ്വാസം കൊടുത്ത ഡോക്ടറുടെ വാക്കുകൾ ഈ സിനിമയുടെ ഹൃദയമിടിപ്പാണ്.ഇത് പല കുലപുരുഷൻമാരെയും കുലസ്ത്രീകളെയും വിറളിപിടിപ്പിക്കും,ഉറപ്പാണ്.പക്ഷെ ഗർഭധാരണം ഒരു സ്ത്രീയെ മാനസികമായോ ശാരീരികമായോ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെങ്കിൽ അത് വേണ്ടെന്ന് വെക്കാനുള്ള പൂർണ അവകാശം സ്ത്രീക്ക് മാത്രമാണ്.
എല്ലാവരും ചോദിക്കുന്ന മറ്റൊരു ചോദ്യമാണ് കരിയർ നഷ്ടപ്പെടും എന്ന തോന്നലുണ്ടായിരുന്നെങ്കിൽ ഈ പണിക്ക് പോവണായിരുന്നോ?കല്ല്യാണം കഴിക്കണായിരുന്നോ എന്നൊക്കെ. അവിടെ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഒരു കുഞ്ഞ് ജനിച്ചു വീഴുമ്പോൾ മുതൽ തുടങ്ങുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും അനാവശ്യമായ ഇടപെടലുകൾ.ഒരു മകൻ/മകൾ കല്ല്യാണം കഴിച്ചില്ലെങ്കിൽ ചോദ്യം, കുട്ടികളുണ്ടാവാൻ താമസിച്ചാൽ ചോദ്യം, ഉണ്ടായാൽ അതിനെ നന്നായി നോക്കുന്നില്ലേ എന്ന എത്തിനോട്ടം.ഇത്തരം കാര്യങ്ങളിലൊക്കെ പറ്റാവുന്നത്രയും പ്രഷറ് ചുറ്റുമുള്ളവർ ചെലുത്തിയതിന്റെ ഭാഗമായി ഒരു പെണ്ണ് അവൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നതിന് മുമ്പ് ഗർഭം ധരിച്ച് പ്രസവിക്കുന്നു. കുഞ്ഞിനെ പരിചരിക്കാൻ അവൾ താൽപര്യം കാണിക്കാതിരിക്കുമ്പോൾ ഇപ്പറഞ്ഞ ചുറ്റുമുള്ളവർ തന്നെ പിന്നെയും ചോദിക്കും “പറ്റൂലെങ്കിൽ ഇപ്പണിക്ക് പോവണായിരുന്നോ”ന്ന്.സൈക്കോ ടീംസ് ആണ്.അതുകൊണ്ട് അത്തരക്കാരെ മൈൻഡ് ചെയ്ത് ജീവിതം നശിപ്പിക്കരുത്.
ഒരു കാര്യവുമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങൾ ചോദിച്ചും അതിലിടപെട്ട് ഒരു ഗുണവുമില്ലാത്ത അഭിപ്രായങ്ങൾ പറഞ്ഞും ആത്മനിർവൃതിയടയുന്ന കൊറേയെണ്ണം നമ്മുടെ സമൂഹത്തിലുണ്ട്.അവറ്റകൾ നമ്മളെ ഒന്ന് സമാധാനമായി ശ്വാസം വിടാൻ പോലും അനുവദിക്കില്ല.പെൺകുട്ടികൾ പഠിച്ചില്ലെങ്കിലും ജോലി നേടിയില്ലെങ്കിലും എത്രയും വേഗം കെട്ടിച്ചയക്കണം എന്നത് അവറ്റകളുടെ തീരുമാനമാണ്.രണ്ടുപേർ വിവാഹം കഴിച്ച് ജീവിക്കാൻ ആരംഭിച്ചാൽ കുഞ്ഞ് വേണമോ വേണ്ടയോ,വേണമെങ്കിൽ എപ്പോൾ വേണം തുടങ്ങി അവരുടെ ജീവിതത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്നത് അവറ്റകളുടെ ചൊറിയുന്ന വർത്താനങ്ങളാണ്.എന്തൊരു വൃത്തികേടാണ് ഈ ചൊറിയുന്ന ഏർപ്പാട് എന്ന് ഒറ്റയെണ്ണവും മനസിലാക്കുന്നില്ല.അവറ്റകൾ വീണ്ടും വീണ്ടും ചൊറിഞ്ഞ് ചൊറിഞ്ഞ് സമാധാനമായും സന്തോഷമായും മുന്നോട്ടു പോവേണ്ട രണ്ടുപേരുടെ ജീവിതത്തിൽ ഒരു വലിയ പുണ്ണുണ്ടാക്കി അതിൽ നോക്കി ആത്മനിർവൃതിയടയുന്നു.


ഒന്നാലോചിച്ചു നോക്കിയേ.വിവാഹം, കുടുംബം എന്നീ ഏർപ്പാടുകളിൽ സൊസൈറ്റി എന്നു പറയുന്ന സോ കോൾഡ് ചൊറിച്ചിൽ ടീംസ് എത്രമാത്രം പ്രഷർ ആണ് ഉണ്ടാക്കുന്നതെന്ന്?എന്തിനു വേണ്ടി പ്രഷർ ചെലുത്തുന്നു എന്ന് ചോദിച്ചാൽ ബ്ബ..ബ്ബ..ബ്ബ..പിന്നെയും നമ്മളെന്തിന് ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന് ചോദിച്ചാൽ ബ്ബ…ബ്ബ…ബ്ബ….നമ്മുടെ സന്തോഷവും സമാധാനവും കളഞ്ഞ് ആകെയുള്ള ഈ ജീവിതം നിയന്ത്രിക്കാൻ ഇപ്പറഞ്ഞ പലർക്കും നമ്മളങ്ങ് വിട്ടുകൊടുക്കുന്നു.നിവർന്ന് നിന്ന് ഒരു വ്യക്തി എന്ന രീതിയിൽ സ്വയം ഒരു തീരുമാനം എടുക്കാൻ പോലും നമുക്കാവുന്നില്ല.ഇനി അഥവാ ചൊറിച്ചിൽ ടീംസിനെ മൈൻഡ് ചെയ്യാതെ നമ്മുടെ ജീവിതത്തിൽ ഒരു തീരുമാനം എടുത്താലോ?അവിടെയും അവറ്റകൾ കുശുകുശുക്കാൻ തുടങ്ങും.അവൻ കൊള്ളൂല,അവള് പെഴയാ,അവൻ പെൺകോന്തനാ….ഇങ്ങനെയിങ്ങനെ…..
പെൺകോന്തൻ എന്ന് മറ്റുള്ളവർ വിളിക്കുന്നത് ഭയന്ന് അതൊരു അഭിമാനപ്രശ്നമായി സങ്കൽപിച്ച് ഭാര്യയെ വെറും അടിമയായി കണ്ട് സ്വന്തം ഇഷ്ടത്തിന് മാത്രം കുടുംബം നടത്തിക്കൊണ്ടുപോയ ഒരുത്തന്റെ ഭാര്യ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്തു.അപ്പൊഴും ചിലർ കുശുകുശുത്തു”അവനൊരു കാടൻ” “അവളു പെഴച്ചവൾ”
ഒരു നാണക്കേടും തോന്നുന്നില്ലേ സമൂഹമേ നിങ്ങൾക്ക്. ഇങ്ങനെ അന്യന്റെ ജീവിതത്തിൽ എത്തിനോക്കി അത് ഇഞ്ചിഞ്ചായി നശിപ്പിക്കാൻ?
വ്യക്തിസ്വാതന്ത്ര്യം,ഒരു വ്യക്തിയുടെ താൽപര്യങ്ങൾ,അവന്റെ/അവളുടെ Choices ഇതൊക്കെ മനസിലാക്കി പെരുമാറാനും ജീവിക്കാനുമുള്ള മാന്യത നമ്മുടെ സൊസൈറ്റിക്ക് ഇല്ല.അത്തരം ഇടപെടലുകളാണ് പലപ്പൊഴും ഒരു വ്യക്തിയെ നശിപ്പിക്കുന്നത്.ഓരോ വ്യക്തിക്കും അവരുടേതായ Choice ഉണ്ടെന്ന് മനസിലാക്കാനുള്ള വിവേകമില്ലായ്മ ആണധികാരവ്യവസ്ഥയുടെ ഒരു ഉൽപന്നം ആണെന്നാണ് തോന്നിയിട്ടുള്ളത്. വിവാഹത്തിന് ശേഷം വർഷങ്ങളായി അഭിനയജീവിതത്തിൽ നിന്നും വിട്ട് നിന്ന ഒരു നടിക്ക് ഇനിയും അഭിനയിക്കാൻ താൻ അനുവാദം കൊടുത്തിട്ടുണ്ട്,ഫ്രീഡം കൊടുത്തിട്ടുണ്ട് എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്ന Sara’S ലെ ഒരു ഭർത്താവ് കഥാപാത്രം കണ്ടപ്പോൾ അത് പിന്നെയും തോന്നി. ഇപ്പൊഴും പല പുരുഷൻമാരും തങ്ങൾ അനുവദിച്ചു കൊടുക്കേണ്ടതാണ് സ്ത്രീകളുടെ ഫ്രീഡം എന്നു പറഞ്ഞു നടക്കുന്നതിൽ നിന്നും മറ്റെന്താണ് മനസിലാക്കേണ്ടത്?
‘Right to Reproduce’ എന്നൊരു സംഗതി പലർക്കും കേട്ടു കേൾവി പോലുമല്ല. മാനസികമായും ശാരീരികമായും തയ്യാറായാൽ മാത്രം ഒരു കുഞ്ഞ് എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്.അങ്ങനെ ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഒരു Couple ന് തീരുമാനിക്കാൻ കഴിയാതെ വരുന്നത് ചുറ്റുമുള്ളവരുടെ അനാവശ്യ ഇടപെടലുകൾ കാരണമാണ്.അതൊരു കുഞ്ഞിന്റെ വളർച്ചയെ,ആ സ്ത്രീയുടെ മാനസികാവസ്ഥയെ,അവരുടെ ഒരുമിച്ചുള്ള ജീവിതത്തെ ഒക്കെ എത്ര പ്രതികൂലമായി ബാധിക്കും എന്ന് ഓർക്കാറുണ്ടോ?
ചെറുപ്രായത്തിൽ തന്നെ നാലഞ്ച് കുഞ്ഞുങ്ങളുടെ അമ്മയാവേണ്ടി വന്ന് ഇനി വേണ്ട എന്ന് ഭർത്താവിനോട് ഒന്നു ഉറപ്പിച്ചു പറയാൻ പോലും ശക്തിയില്ലാതെ മൂകരായി വേദനയോടെ ജീവിക്കുന്ന സ്ത്രീകളുടെ പ്രതീകമായി സ്രിന്ദ അവതരിപ്പിച്ച കഥാപാത്രം മര്യാദയും ബോധവുമില്ലാത്ത ചില പുരുഷകേസരികളുടെ മർമത്തിനിട്ട് തൊഴിച്ചു കൊണ്ടാണ് സിനിമ അവസാനിച്ചത്.
പ്രൊഫഷണൽ ലാഭത്തിനായി കുഞ്ഞുങ്ങൾ വേണ്ടെന്ന് വെക്കണം എന്ന ഒരു മെസെജ് ആണ് സിനിമ തരുന്നത്,പ്രഗ്നനൻസിയും കുഞ്ഞിനെ നോക്കലും കരിയറിന് തടസ്സമാവാതെ കൊണ്ട് പോകുന്ന സ്ത്രീകൾ ഉണ്ട് എന്നുള്ള അഭിപ്രായങ്ങൾ, ഇതൊക്കെ സിനിമയോടുള്ള എതിർപ്പുകളായി പുറത്തേക്ക് വരുന്നുണ്ട്.പക്ഷെ സിനിമ എന്താണ് പറയുന്നത് എന്നു മനസിലാക്കാതെയുള്ള അഭിപ്രായപ്രകടനങ്ങൾ ആയിട്ടാണ് അതൊക്കെ തോന്നിയത്.Sara’S പറയുന്നത് എന്ത് കാര്യത്തിനായാലും കുഞ്ഞ് വേണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ Choice ആണ് എന്നുള്ളതാണ്.തനിക്ക് പ്രസവിക്കണ്ട എന്ന് വിവാഹത്തിന് മുന്നെ തന്നെ സണ്ണി വെയ്ന്റെ കഥാപാത്രത്തോട് സാറ തുറന്ന് പറയുന്നുണ്ട്.ഇരുവരും അത് പരസ്പരം അംഗീകാരിക്കുന്നുമുണ്ട്.പ്രൊഫഷന് Importance കൊടുക്കാനാണ് ഒരു വ്യക്തിക്ക് താൽപര്യം എങ്കിൽ ചുറ്റുമുള്ളവരുടെ സമ്മർദ്ദത്താൽ ആ താൽപര്യം വേണ്ടെന്ന് വച്ച് മനസുകൊണ്ട് സ്വയം തയ്യാവാതെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നത് കുഞ്ഞിനോടും തന്നോട് തന്നെയും കാണിക്കുന്ന നീതിയല്ല. Pregnancy യോടൊപ്പം കരിയർ കൊണ്ടു പോവാൻ താൽപര്യപ്പെടുന്നവർക്ക് അതും ആവാം.പക്ഷെ പലർക്കും അത് കഴിയാറില്ല.അവിടെയും ചുറ്റുമുള്ളവരുടെ സമ്മർദ്ദങ്ങളും പിന്തുണയില്ലായ്മയും വില്ലനാവാറുണ്ട്.

സാറാസ് എന്ന സിനിമ Abortion പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞും, ഒരു ജീവൻ നശിപ്പിക്കുന്നു എന്ന് പറഞ്ഞും,abortion is a crime എന്ന് പറഞ്ഞും ഒരുപാട് ആളുകൾ വിലപിക്കുന്നു.
ഈ സിനിമയിൽ അവൾ Abort ചെയ്തത് Physical കാരണങ്ങൾ കൊണ്ടാണെങ്കിൽ അത് Crime അല്ല,സ്വന്തം ഭർത്താവിന് വേണ്ടി അല്ലെങ്കിൽ ഭർത്താവിന്റെ ആവശ്യപ്രകാരം ആണെങ്കിലും ചിലപ്പോൾ അത് Crime ആകില്ലായിരുന്നു.

ഇവിടെ ഒരു ‘പെണ്ണ്’ തീരുമാനിച്ചു അവൾക്ക് കുഞ്ഞ് വേണ്ട.അവളുടെ Choice ,അവളുടെ സ്വാതന്ത്ര്യം അതിനൊക്കെയനുസരിച്ച് ‘അവൾ’ മറ്റാരെയും വകവെക്കാതെ തീരുമാനിക്കുന്നു. അത് മാത്രമാണ് അബോർഷനെതിരെ,അബോർഷൻ സ്ത്രീയുടെ അവകാശമാണെന്ന് പറയുന്നവർക്കെതിരെ ആക്രോശിക്കുന്നവരുടെ Concern.സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ഒരു സ്ത്രീക്കും അവകാശം ഉണ്ടാവാൻ പാടില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ അവളെ നിഷേധി,അഹങ്കാരി,ക്രൂര എന്നിങ്ങനെ പല വിശേഷണങ്ങളും ചാർത്തി നമ്മൾ അടിച്ചമർത്തും.ആണധികാര വ്യവസ്ഥയുടെ മറ്റൊരു അധപതിച്ച മുഖം

ReplyForward


കുഞ്ഞ് വേണം എന്നു പറയുന്നത് പോലെ തന്നെയുള്ള ഒരു Choice ആണ് കുഞ്ഞ് വേണ്ട എന്നുള്ളതും.
Sara’S കണ്ടാൽ പലർക്കും ഒന്ന് കൊള്ളും.അത്തരക്കാർക്ക് ഈ സിനിമ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.ആ കഴിവില്ലായ്മയും വിവരമില്ലായ്മയും സിനിമയോടുള്ള കടുത്ത എതിർപ്പുകളായി പുറത്തേക്ക് വന്നുകൊണ്ടേയിരിക്കും.
ഡോ.കീർത്തി പ്രഭ

Leave a Comment