പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സലാര്‍’. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രുതി ഹാസനാണ്. പ്രശാന്ത് നീലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ ശ്രുതി ഹാസന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്.
ശ്രുതി ഹാസന്‍ ചിത്രത്തില്‍ ‘ആദ്യ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ‘സലാര്‍’ എന്ന ചിത്രത്തിലെ ശ്രുതി ഹാസന്റെ ഫസ്റ്റ് ലുക്ക് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതായും പ്രഭാസ് എഴുതിയിരിക്കുന്നു. ‘കെജിഎഫ്’ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് പ്രശാന്ത് നീല്‍.
‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരംഗന്ദുറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയാണ് പൂര്‍ത്തിയാക്കിയത്.
ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ തുടങ്ങിയിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രവി ബസ്രുറാണ്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.