‘രാമം രാഘവം. . .’ പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി രാജമൗലി ; ‘ആര്‍ആര്‍ആറി’ലെ ഗാനം കാണാം

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’ (രൗദ്രം രണം രുധിരം). ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടു. ‘രാമം രാഘവം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സംസ്‌കൃതത്തിലാണ്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അവസാനവട്ട പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന് ഇത്രയും ഹൈപ്പ് നേടിക്കൊടുത്തത്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്.

1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ്, തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.കെ. സെന്തില്‍കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്‌സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Leave a Comment