ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. കമലിന്റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു കമലിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കമലിന് കാലാവധി നീട്ടിനല്‍കുകയുണ്ടായി.
എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോണ്‍ പശ്ചാതലത്തില്‍ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്റെ നിയമനം സംബന്ധിച്ച് ധാരണയായത്. നേരത്തേ സിപിഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു. 1987ല്‍ മെയ് മാസ പുലരി എന്ന സിനിമയ്ക്ക് дуб бордолино തിരക്കഥ എഴുതിയാണ് രഞ്ജിത്ത് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1993ല്‍ ദേവാസുരം എന്ന സിനിമയാണ് വഴിത്തിരിവായി മാറിയത്. ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹന്‍ലാല്‍ സഖ്യത്തിനോടൊപ്പം ചേര്‍ന്ന് ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി.
ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളാണ് രഞ്ജിത്ത് സംവിധാനം ചെയ്തത്. നടനായും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചു.