ഹോം പഠിപ്പിക്കുന്ന പാഠങ്ങൾ. ഡോക്ടർ കീർത്തി പ്രഭ എഴുതിയ ഹോം റിവ്യൂ വായിക്കാം…..

ോജിൻ തോമസിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറന്ന #Home എന്ന സിനിമ ഇന്നത്തെ ഒരു ശരാശരി കുടുംബത്തിന്റെ നേർക്കാഴ്ചയാണ്.ഇക്കാലഘട്ടത്തിലെ പാട്രിയാർകിയൽ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഒരു വീട്/കുടുംബം എങ്ങനെയാണ് എന്ന് ഇതിലും വൃത്തിയായി ദൃശ്യവൽക്കരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു.ഈ സിനിമയുടെ സാമൂഹിക പ്രസക്തി നമ്മൾ തിരിച്ചറിയേണ്ടതും ആ നിലപാടിൽ നിന്നു കൊണ്ട് തന്നെയാണ്.

കാപ്പി കുടിച്ച് ഗ്ലാസ് കഴുകി വെക്കാതെ അമ്മയെ ഏൽപിക്കുന്ന മകൻ, അലക്കാത്ത തുണി ഉണ്ടെങ്കിൽ എടുത്തോളൂ അമ്മ ഫ്രീ ആണെന്ന് പറയുന്ന അച്ഛൻ, നഴ്സായ ഭാര്യ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് അച്ഛനെ നോക്കാൻ വേറെ ഹോം നഴ്സിനെ ഏർപ്പാടാക്കേണ്ടി വന്നില്ല എന്ന് പറയുന്ന ഭർത്താവ്. ഇതൊക്കെ തന്നെയല്ലേ നമ്മുടെ കുടുംബങ്ങളിൽ ഇന്ന് സംഭവിക്കുന്നത്. മേൽപ്പറഞ്ഞ പ്രവൃത്തികളെ ഒന്നും തന്നെ ഈ സിനിമ ഗ്ലോറിഫൈ ചെയ്യുന്നില്ല. മറിച്ച് ഇതൊക്കെ തെറ്റാണ് എന്ന് നമുക്ക് ബോധ്യപ്പെടുന്ന ഇടത്താണ് ഈ സിനിമയുടെ പ്രസക്തി.

അമ്മ എന്ന വ്യക്തി ചെയ്യുന്ന പ്രവൃത്തികളെ ഗ്ലോറിഫൈ ചെയ്യുന്നതും ഭർത്താവിൻറെ വീട്ടിൽ ഉത്തമയായ ഒരു ഭാര്യ ചെയ്യേണ്ടുന്ന പ്രവർത്തികൾ ഇതൊക്കെയാണ് എന്നുള്ള ഒരു പൊതുധാരണ ഉണ്ടാക്കി അതിനെ ഗ്ലോറിഫൈ ചെയ്യുന്നതും ഒക്കെ പല മുൻകാല സിനിമകളിലും സ്ഥിരം കാഴ്ചകളായിരുന്നു.അതിനെയൊക്കെ നമ്മൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത്തരം ഗ്ലോറിഫൈ ചെയ്തു വച്ചിരിക്കുന്ന മാതൃകകളിൽ നിന്നും വേറിട്ട് സഞ്ചരിക്കുന്നവർ നിഷേധികൾ ആണെന്നുള്ള ഒരു തെറ്റായ ബോധ്യം ഉണ്ടാക്കിയെടുക്കുന്നതിൽ അത്തരം സിനിമകളൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.എന്നാൽ ആ ശ്രേണിയിൽ ഉൾക്കൊള്ളിക്കാവുന്ന ഒന്നാണ് ഹോം എന്ന സിനിമ എന്ന് തോന്നുന്നില്ല.അതിന് വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയുണ്ട്.


ഗ്ലോറിഫൈ ചെയ്തു വച്ചിരിക്കുന്ന വ്യക്തിമാതൃകകൾ ഹോമിൽ കാണാൻ കഴിഞ്ഞില്ല.

സൈക്കോളജിസ്റ്റിന്റെ അടുത്ത് പോകുന്നവരെ ഭ്രാന്തൻ എന്ന് വിളിച്ചു കളിയാക്കുന്ന,അതൊരു നാണക്കേടായി കരുതുന്ന ഒരു വിഭാഗത്തിനിട്ടും ഹോം നന്നായി കൊട്ടുന്നുണ്ട്.

ഹോം സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാണിച്ചുള്ള വിമർശനങ്ങൾ ധാരാളം ഉയരുന്നുണ്ട്.അത് സത്യം തന്നെയാണ്, ഹോം സിനിമയിൽ ഒരുപാട് സ്ത്രീവിരുദ്ധരായിട്ടുള്ള കഥാപാത്രങ്ങളും അത്തരം സന്ദർഭങ്ങളും ഉണ്ട്. വീട്ടുജോലികൾ എടുക്കുന്ന അമ്മ, വ്യായാമത്തിന് പോകുന്ന അച്ഛൻ, വീട്ടുജോലികളിൽ ഒന്നും ഇടപെടാതെ ജീവിക്കുന്ന രണ്ട് ആൺമക്കൾ ഇതൊക്കെ തന്നെയാണ് ആണധികാരമൂല്യങ്ങൾ കൊടികുത്തിവാഴുന്ന ഇന്നത്തെ വീടകങ്ങളിലെ യഥാർത്ഥ കാഴ്ച. അങ്ങനെ നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളുടെ ഒരു പ്രതിബിംബം സിനിമാ രൂപത്തിൽ നമ്മുടെ മുന്നിലേക്കെത്തുമ്പോൾ നമ്മുടെ കുടുംബങ്ങളും സമൂഹവും ഉയർത്തിപ്പിടിക്കുന്ന മൂല്ല്യങ്ങളിലെ അപാകതകളും അബദ്ധങ്ങളും നമുക്ക് മനസ്സിലാക്കി തരികയും കൂടിയാണ് ഹോം സിനിമ ചെയ്യുന്നത്. ഏറ്റവും ഉദാത്തമായി ലിംഗസമത്വം എന്ന ആശയത്തെ പരിപൂർണ്ണമായും കൊള്ളുന്ന ഒരു സിനിമ എന്നത് ഇന്നത്തെ സമൂഹത്തിൽ ഒരു പക്കാ കെട്ടുകഥ ആയിരിക്കും. അങ്ങനെയുള്ള സിനിമകളും ഉണ്ടാവട്ടെ.പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ കുടുംബങ്ങളിൽ, നമ്മുടെ സമൂഹത്തിൽ എന്തൊക്കെ തരത്തിലുള്ള സ്ത്രീവിരുദ്ധതകൾ ഉണ്ടാവുന്നുണ്ട്,നമ്മൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ എന്തൊക്കെ അന്യായങ്ങൾ ആണുള്ളത് എന്ന് മനസ്സിലാക്കി തരുന്ന സിനിമകളും ഇടയ്ക്ക് ഉണ്ടാകണം.അത്തരം സിനിമകൾ ഇന്നിന്റെ യഥാർഥ കാഴ്ചകളാവും.എന്നാൽ മാത്രമേ നമ്മൾ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നമ്മൾ കാണിക്കുന്ന തെറ്റുകളും അനീതികളും നമുക്കു തന്നെ ബോധ്യപ്പെടുകയുള്ളൂ.ഹോം എന്ന സിനിമയിലെ മുഹൂർത്തങ്ങൾ സ്വഭാവികമാണ്, അത് യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നു. എന്നാൽ ആ സ്വഭാവികതയിൽ നിറഞ്ഞു നിൽക്കുന്ന അനീതികളും അപാകതകളും ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു.

കുടുംബം എന്ന മനുഷ്യനിർമിത വ്യവസ്ഥിതിയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധത പൊളിച്ചെഴുതേണ്ടതു തന്നെയാണ്. പല കുടുംബങ്ങളും വ്യക്തിത്വത്തെ മാനിക്കാത്ത ഇടങ്ങളാണ്.ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് വ്യക്തിവികാസം സാധ്യമാക്കുന്ന ഇടങ്ങളല്ല. തങ്ങളായി ജീവിച്ച് വ്യക്തിത്വത്തെ പരിപോഷിപ്പിക്കാതെ നാട്ടുകാരെ ബോധ്യപ്പെടുത്താൻ അഭിനയിച്ച് തകർക്കാൻ പരിശീലിപ്പിക്കുന്ന ഇടങ്ങളാണ്.ഇതൊക്കെയും ഇന്നിന്റെ യാഥാർത്ഥ്യങ്ങളാണ്.ഒരു സിനിമയ്ക്ക് വേണ്ടുന്ന സിനിമാറ്റിക് എലമെന്റ്സ് മാറ്റി വച്ചാൽ ഹോം പറയുന്നതും ഈ യാഥാർത്ഥ്യങ്ങളാണ്.അത്തരം വ്യവസ്ഥിതികൾ ഒരു വ്യക്തിയിലുണ്ടാക്കുന്ന ആഘാതങ്ങൾ എത്രത്തോളമാണ്?നമ്മളിനിയും എത്രയൊക്കെ മാറാനുണ്ട് എന്നൊക്കെയുള്ള ഓർമപ്പെടുത്തലും കൂടിയാണ് ഹോം.

“I am always imperfect at home “എന്ന് പറയുന്നതിൽ തന്നെയുണ്ട് ഹോം എന്ന സിനിമയുടെ കാതൽ.ഞാൻ ഇംപെർഫെക്ട് ആണ് ബോധ്യപ്പെടുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ സിനിമയിൽ എവിടെയും ഒരു ആദർശപുരുഷനായിട്ട് ചിത്രീകരിക്കുന്നില്ല.അയാൾക്ക് ഒരുപാട് കുറവുകളുണ്ട്.അയാളൊരു ടോക്സിക് കാമുകൻ ആവുന്നുണ്ട്,നല്ല മകനാവുന്നില്ല.ഇതൊക്കെ പറയുന്ന സിനിമ

Leave a Comment