ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ പോരാളിയായി റാണ ദഗുബാട്ടി എത്തുന്നു ; 1945 ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

റാണ ദഗുബാട്ടി നായകനായി അഭിനയിച്ച് ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന ചിത്രമായിരുന്നു 1945. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് എന്‍ രാജരാജനും റാണയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു ചിത്രം നീണ്ടു പോകാന്‍ കാരണമായത്. പ്രതിഫലം നല്‍കുന്നത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇപ്പോഴിതാ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ചിത്രം റിലീസിനൊരുങ്ങുകയാണ്.

സത്യ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ചിത്രത്തില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഒരു ഭടന്റെ റോളിലാണ് റാണ എത്തുന്നത്.

റജിന കസാന്‍ഡ്രയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സത്യരാജ്, നാസര്‍, ആര്‍ ജെ ബാലാജി, കാളി വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്‌നേഹന്‍, അരുള്‍ കാമരാജ്, മോഹന്‍ രാജ എന്നിവരുടെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജനുവരി 7ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യ പൊന്മാര്‍ ആണ്. എഡിറ്റിംഗ് ഗോപികൃഷ്ണ, കലാസംവിധാനം ഇ ത്യാഗരാജന്‍, സംഘട്ടന സംവിധാനം ടി രമേശ്, നിര്‍മ്മാണം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് എന്‍ രാജജരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

.

Leave a Comment