രജനീകാന്ത് ചിത്രം ‘പേട്ട’ പുറത്തിറങ്ങിയിട്ട് മൂന്ന് വര്‍ഷം ; ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ട് കാര്‍ത്തിക് സുബ്ബരാജ്

പ്രേക്ഷകരെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച രജനീകാന്ത് ചിത്രമായിരുന്നു പേട്ട. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ഗംഭീര വിജയമായിരുന്നു നേടിയത്. രജനികാന്ത് എന്ന താരത്തെ അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് ഈ ചിത്രത്തിലൂടെ സാധിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം മറ്റ് ചില കഥാപാത്രങ്ങളും ഈ രംഗത്തിലെത്തുന്നുണ്ട്. രജനികാന്തിന്റെ കഥാപാത്രം വിജയ് സേതുപതിയുടെ കഥാപാത്രമായ ജിത്തുവിനെ കാണുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ ചിത്രമാണ് പേട്ട. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചത്.

ആദ്യമായി സിമ്രാന്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി, തൃഷ, ബോബി സിംഹ, മാളവിക മേനോന്‍, ശശികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment