കഥാപാത്രമായി പ്രിയങ്ക നായര്‍ മാത്രം എത്തുന്ന ‘ആ മുഖം’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആ മുഖം’. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്ക നായരാണ് ‘മീര’ എന്ന ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായിരുന്നു പുറത്തുവിട്ടത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടുകയാണ്.

മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടു പോയ സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധികളും നേരിടുന്ന പ്രശ്‌നങ്ങളും അതിജിവനവുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സ്ത്രീ മാത്രമാണ് ചിത്രത്തില്‍ കഥാപാത്രമായെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു കഥാപാത്രം മാത്രം വരുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് ഇത്.

നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറില്‍ തമിഴ് മലയാള ചലച്ചിത്ര നടനായ നൂഫൈയ്‌സ് റഹ്‌മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ശ്യാം കെ. വാര്യര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരന്‍ ആണ്. സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്.

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ പ്രതാപ് പി.നായര്‍ ഛായാഗ്രഹണവും ടി.കൃഷ്ണനുണ്ണി ശബ്ദലേഖനവും നിര്‍വഹിക്കുന്നു.എഡിറ്റിംഗ് – സോബിന്‍ കെ സോമന്‍. മേക്കപ്പ് – സുമ ജി, വസ്ത്രാലങ്കാരം – ആനു നോബി, കലാസംവിധാനം – ഷിബു മച്ചല്‍, ചീഫ് അസോസിയേറ്റ് – ശ്യാം പ്രേം, നൃത്തസംവിധാനം – രാജേശ്വരി സുബ്രഹ്‌മണ്യം, എഫക്റ്റ്‌സ് – രാജ് മാര്‍ത്താണ്ഡം, കളറിസ്റ്റ് – മഹാദേവന്‍.

Leave a Comment