മോഹന്‍ലാലിന്റെ ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി ; പകരമെത്തുന്നത് ആരാണ് ?

മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രമാണ് ‘ബറോസ് ‘ . ചിത്രത്തിന്റെ പ്രെമോ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വന്‍ സ്വീകരണമാണ് ടീസറിന് ലഭിച്ചത്. ഒരു ത്രീഡി ഫാന്റസി ഡ്രാമയായി വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. നിലവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

കടുവ ചിത്രീകരണത്തിന് ശേഷം ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലായിരിക്കും അഭിനയിക്കുക. അതുകൊണ്ട് തന്നെ ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരും. കൂടുതല്‍ സമയം ഈ ചിത്രത്തിന് വേണ്ടി മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബറോസില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പൃഥ്വി പിന്മാറിയെന്ന് വാര്‍ത്ത വന്നതുമുതല്‍ ചിത്രത്തില്‍ ആരാണ് പൃഥ്വിരാജിന് പകരം വരുന്നതെന്നുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. കേരളത്തിലും ഗോവയിലുമായി രണ്ടാം ലോക്ക്ഡൗണിന് മുന്‍പ് ചിത്രീകരണം തുടങ്ങിയിരുന്നു. ഷൂട്ടിംങ് തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞപ്പോഴായിരുന്നു ലോക്ക്ഡൗണിന് ഉത്തരവ് വന്നത്. അതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. എന്നാല്‍ ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് മരക്കര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ മോഹന്‍ലാല്‍ പറയുകയുണ്ടായി.

ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍.

നാനൂറു വര്‍ഷം പ്രായമുള്ള ബാറോസ് എന്ന നിധിസൂക്ഷിക്കുന്ന ഭൂതത്തിന്റെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് മായ എന്ന പെണ്‍കുട്ടിയാണ്. സ്പെയിന്‍, അമേരിക്ക, ഘാന, പോര്‍ട്ടുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ചിത്രത്തിലെ താരങ്ങളില്‍ കൂടുതല്‍ പേരും. മിന്നല്‍ മുരളിയിലെ സൂപ്പര്‍ വില്ലന്‍ ആയി തകര്‍ത്താടിയ ഗുരു സോമസുന്ദരവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Comment