പ്രേമത്തിന് യൂറ്റുബിലും റെക്കോർഡ് ; മലരേ എന്ന ഗാനം കണ്ടത് 1 കോടിയിലധികം ആളുകൾ .

കഴിഞ്ഞ വർഷത്തെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു യുവനിര അണിനിരന്ന പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ്‌ പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് മുൻപ് തന്നെ വാർത്തകളിലിടം നേടിയിരുന്നു .ചിത്രത്തിന്റെ റ്റീസറോ ,ട്രെയിലറോ ഒന്നുമില്ലാതെയാണ് റിലീസ് ചെയ്തതെങ്കിലും, പിന്നീടുള്ള ദിനങ്ങളിൽ മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന സകല ബോക്സ്‌ ഓഫീസ് റെക്കോർഡുകളും പഴങ്കഥയാക്കിയിരുന്നു . ചിത്രത്തിന്റെ സെൻസർ കോപ്പി വ്യാജ പതിപ്പ് ഇറങ്ങിയതോടെ വിവാദങ്ങൾക്ക് വഴി തെളിഞ്ഞെങ്കിലും നിലവിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് പ്രേമം. ചിത്രത്തിനെ ശ്രദ്ധേയമാക്കിയത്തിൽ പ്രധാന പങ്കു വഹിച്ചത് ഇതിലെ ഗാനങ്ങളായിരുന്നു . ഇതിൽ “മലരേ” എന്ന് തുടങ്ങുന്ന ഗാനം തിയേറ്ററുകളിൽ എത്തിയ ശേഷമായിരുന്നു ഇന്റെർനെറ്റിൽ റിലീസ് ചെയ്തത് . എന്നാലിപ്പോൾ ഈ ഗാനത്തിനും പുതിയൊരു റെക്കോർഡ് സ്വന്തമായിരിക്കുകയാണ്‌,യൂറ്റുബിൽ ഒരു കോടി ആളുകൾ കണ്ട രണ്ടാമത്തെ മലയാള സിനിമാ ഗാനമായി മാറിയിരിക്കുകയാണ് മലര് . അൽഫോൻസ്‌ പുത്രൻ തന്നെ സംവിധാനം ചെയ്ത നേരത്തിലെ പിസ്താ എന്ന ഗാനത്തിനും സമാനമായ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നു . മലയാള ചിത്രങ്ങൾക്ക് ഇത്തരം നേട്ടങ്ങൾ അപൂർവമാണ് . പ്രേമത്തിലെ അഭിനേതാക്കളിലൊരാളായ ശബരീഷ് വർമ്മ എഴുതിയ ഗാനം വിജയ്‌ യേശുദാസാണ് ആലപിച്ചത്. സായി പല്ലവിയായിരുന്നു മലരായി ചിത്രത്തിൽ വേഷമിട്ടത്