പ്രണയവും സസ്പെന്‍സും നിറച്ച് പ്രഭാസ് ചിത്രം ‘രാധേ ശ്യാം’ ; ട്രെയ്‌ലര്‍ കാണാം

പ്രഭാസ് നായകനായി എത്തുന്ന പുതിയ പ്രണയ ചിത്രമാണ് ‘രാധേ ശ്യാം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയ്‌ലറില്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, മലയാളം,ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ ആയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പ്രേരണയായാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ ആയിരക്കണക്കന് ആരാധകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. പ്രഭാസ്, പൂജ ഹെഗ്ഡെ, സംവിധായകന്‍ രാധാകൃഷ്ണകുമാര്‍, ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട്, മലയാളം ഫിലിം സ്റ്റാര്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു.

രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്ണ കുമാര്‍ ആണ്. ചിത്രത്തിന് സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ഭുഷന്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ രൂപകല്‍പന ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

Leave a Comment