അമ്മ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു; നടന്‍ ഷമ്മി തിലകന് എതിരെ നടപടിക്ക് സാധ്യത..!

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പും നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും അമ്മയുടെ പ്രസിഡന്റ് ആയി മികച്ച നേതൃത്വം കാഴ്ച വെച്ച, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ തന്നെ ഇത്തവണയും അമ്മ പ്രസിഡന്റ് ആയി എതിരില്ലാതെ തന്നെ തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ മണിയന്‍ പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വൈസ് പ്രെസിഡന്റുമാരായി. ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് എന്നിവര്‍ യഥാക്രമം ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രെഷറര്‍ എന്നീ സ്ഥാനങ്ങളില്‍ എത്തി.

ബാബുരാജ്, ടിനി ടോം, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ്, രചന നാരായണന്‍ കുട്ടി, സുധീര്‍ കരമന, ലാല്‍, വിജയ് ബാബു, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ലെന എന്നിവര്‍ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എന്നാല്‍ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നടന്‍ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടാവാനുളള സാധ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ഷമ്മി തിലകന്‍ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഒരു താരം ഇക്കാര്യം ഭാരവാഹികളെ അറിയിക്കുകയും തുടര്‍ന്ന് അമ്മയിലെ ഒരുപാട് അംഗങ്ങള്‍ ഷമ്മി തിലകന്‍ കാണിച്ച ഈ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി വേണമെന്ന് പുതിയ എക്‌സികുട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു.

അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് മാത്രമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വരുകയാണ്. നടപടി ഉണ്ടാവുമോ അതോ താക്കീതു മാത്രം നല്‍കിയാല്‍ മതിയോ എന്ന കാര്യം അടുത്ത കമ്മിറ്റി യോഗത്തില്‍ ആണ് തീരുമാനിക്കൂ.

Leave a Comment