‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ് ; നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയ്‌ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേക സംഘം. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ലെന്നും ഭാഷയും സംഭാഷണവും കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമയെന്നും നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒടിടി പൊതു ഇടമായി കണക്കാക്കാനാവില്ലെന്നും പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ഹര്‍ജിയില്‍ ഡിജിപിയെ കക്ഷി ചേര്‍ക്കുകയായിരുന്നു ഹൈക്കോടതി. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

ചുരുളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസ് എന്‍. നാഗേഷ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സിനിമക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാറിനും സെന്‍സര്‍ ബോര്‍ഡിനും നിരവധി ആളുകളായിരുന്നു പരാതി അയച്ചിരുന്നത്. സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമപ്രകാരം ഒടിടി റിലീസിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല.

Leave a Comment