കൊവിഡ് കേസുകളിലെ വര്‍ധന ; നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രം ‘തുറമുഖം’ വീണ്ടും റിലീസ് മാറ്റി

നിവിന്‍ പോളി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് തുറമുഖം. രാജീവ് രവിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ചിത്രങ്ങളാണ് റിലീസ് മാറ്റിവെക്കുന്നത്. നേരത്തെ പലവട്ടം റിലീസ് നീട്ടിവച്ച ചിത്രമാണ് തുറമുഖം. അവസാനം പ്രഖ്യാപിച്ചിരുന്ന ജനുവരി 20 എന്ന റിലീസ് തീയതിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. നിവിന്‍ പോളിയും റിലീസ് നീട്ടിയ കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘പിന്‍തലമുറയുടെ വിസ്മരിക്കപ്പെട്ട ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവര്‍ത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ റിലീസ് ഒരിക്കല്‍ക്കൂടി നീട്ടാന്‍ കൊവിഡ് സാഹചര്യം ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വര്‍ധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങള്‍ ഏറെ അകലെയല്ലെന്ന് ഞങ്ങള്‍ കരുതുന്നു.”

1940-50 കാലഘട്ടത്തില്‍ കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയ കുപ്രസിദ്ധമായ ചാപ്പ (ക്യാഷ്വല്‍ ലേബര്‍ സമ്പ്രദായം ) എന്ന കരി നിയമത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പിന്റെ കഥ പറയുന്ന ചിത്രമാണ് തുറമുഖം. 3 കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തെക്കെപ്പാട് ഫിലിംസിന്റെ ബാനറില്‍ സുകുമാരന്‍ തെക്കെപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മൊയ്തു എന്ന തൊഴിലാളി നേതാവായാണ് നിവിന്‍ പോളി എത്തുന്നത്. സാന്റോ ഗോപാലനായി ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജും ആണ് അവതരിപ്പിക്കുന്നു. ഉമ്മയുടെ റോളില്‍ എത്തുന്നത് പൂര്‍ണിമ ഇന്ദ്രജിത്താണ്. നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആര്‍. ആചാരി, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ിര്‍വഹിക്കുന്നത് രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപന്‍ ചിദംഭരന്റെതാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ, ഷഹബാസ് അമന്‍ എന്നിവരാണ് സംഗീതം നല്‍കുന്നത്.
ബി. അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ക്വീന്‍ മേരി ഇന്റര്‍നാഷനല്‍ ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Leave a Comment