‘പാതി പാതി പറയാതെ..’ റോഷന്‍ മാത്യു – അന്ന ബെന്‍ ചിത്രം നൈറ്റ് ഡ്രൈവിലെ ആദ്യ ഗാനമെത്തി

റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലര്‍ പോസ്റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിലെ പാതി പാതി പറയാതെ എന്ന ഗാനവും ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. മുരുകന്‍ കാട്ടകട എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. കപില്‍ കപിലനും നിത്യ മമ്മെനും ചേര്‍ന്നാണ് ഗം ആലപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്ത് കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു നൈറ്റ് ഡ്രൈവിന്റേത് എന്ന വൈശാഖ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

‘കപ്പേള’യ്ക്കു ശേഷം അന്ന ബെന്നും റോഷനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. കൊച്ചിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് സുനില്‍ എസ്. പിള്ളൈ. കലാസംവിധാനം ഷാജി നടുവില്‍.

Leave a Comment