ഗോകുല്‍ സുരേഷ് അരങ്ങേറ്റം ഗംഭീരമാക്കി – “മുദ്ധുഗൗ” നിരൂപണം വായിക്കാം

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനെ നായകനാക്കി നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് “മുദ്ധുഗൗ’. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാന്നറില്‍ വിജയ്‌ ബാബുവും, സാന്ദ്രാ തോമസുമാണ് ചിത്രം നിര്‍മ്മിച്ചത് . സംഗീത സംവിധാനം രാഹുല്‍ രാജും , ചായാഗ്രാഹണം കുഗന്‍ എസ് പില്ലയുമാണ് നിര്‍വഹിച്ചിരിക്കുന്നത് .

കാസ്റ്റിംഗ്

ഗോകുല്‍ സുരേഷ് : ഭരത്
അര്‍ത്ഥന വിജയകുമാര്‍ : ഗംഗ
വിജയ്‌ ബാബു : രാംപോ
സൗബിന്‍ താഹിര്‍ : കുമാര്‍
ബൈജു : പത്മനാഭന്‍
ഇന്ദ്രന്‍സ് , പ്രേം കുമാര്‍ , സുനില്‍ സുഗത , പ്രദീപ്‌ കോട്ടയം , അബുസലിം , നീന കുറുപ്പ് , തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .

കഥ

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും, വിജയകുമാറിന്‍റെ മകള്‍ അര്‍ത്ഥന വിജയകുമാറുമാണ് ചിത്രത്തില്‍ നായകനും നായികയുമായി എത്തുന്നത് . ഇതിലെ കഥ 3 വ്യത്യസ്ത ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത് . ഒരു എഞ്ചിനീയറിംഗ് കോളേജു വിദ്യാര്‍ഥിയായ ഭരതും , ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥിനിയായ ഗംഗയും തമ്മിലുള്ള രസകരമായ പ്രണയ കഥയാണ്‌ ആദ്യത്തെ ട്രാക്കിലൂടെ കടന്നു പോകുന്നത് .

രാമ്പോ എന്ന വില്ലന്‍ വേഷത്തില്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ വിജയ്‌ ബാബുവും എത്തുന്നുണ്ട് . അയാളുടെ കഥയിലൂടെയാണ് രണ്ടാമത്തെ ട്രാക്ക് മുന്നോട്ട് പോകുന്നത് . കുമാറിന്‍റെയും (സൗബിന്‍ ) , പുത്താരിയുടെയും (ഹാരിഷ്) കഥയിലൂടെയാണ് മൂന്നാമത്തെ ട്രാക്ക് നീങ്ങുന്നത് . ഈ മൂന്നു ട്രാക്കുകളും യോജിക്കുന്നിടത്താണ് കഥ പുരോഗമിക്കുന്നത്. ചില കാരണങ്ങളാല്‍ ഈ കഥാപാത്രങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നതിലൂടെയാണ് കഥയുടെ പിനീടുള്ള യാത്ര .

നിരൂപണം

ചെറുതെങ്കിലും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പ്രണയ കഥയാണ്‌ മുദുഗൌവിലൂടെ ആസ്വാദ്യകരമായി ചിത്രീകരിച്ചിരിക്കുന്നത് . നവാഗതനെങ്കിലും തിരക്കഥ ഒരുക്കിയത്തിലും, സംവിധാനത്തിലും സംവിധായകന്‍ വിപിന്‍ ദാസ് വിജയിച്ചു . ചിത്രത്തിന്‍റെ ഒരു ഭാഗത്ത് പോലും കാലിടറാതെ മുന്നോട്ടു പോകാന്‍ സാധിച്ചത് ഈ ചിത്രത്തെ മടുപ്പില്ലാതെ കാണാന്‍ പ്രേരിപ്പിക്കും . വളരെ മികച്ച ക്യാമറ വര്‍ക്കുകളും , ലളിതമായ എഡിറ്റിങ്ങുമാണ് ചിത്രത്തിലെ ദൃശ്യങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് . ചിത്രത്തിലെ പശ്ചാത്തല സംഗീതമൊരുക്കിയതിനു രാഹുല്‍ ദാസും അഭിനന്ദനമര്‍ഹിക്കുന്നു . പ്രത്യേകിച്ച് ദേവദൂതര്‍ പാടി എന്ന പഴയ ചലച്ചിത്ര ഗാനം പുതു തലമുറയുടെ അനാവശ്യ കരവിരുതുകള്‍ കാണിക്കാതെ ഒരുക്കിയെടുത്തതിനു ഈ ചെറുപ്പകാരന് ഞങ്ങളുടെ നന്ദി .
ഗോകുല്‍ സുരേഷ് വളരെ സിംപിലായെത്തി തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി . ഒരു പുതുമുഖ നടന്‍റെ യാതൊരു പതറിച്ചകളുമില്ലാതെയാണ് ഗോകുല്‍ ഭരത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് . ഒരാളെയെങ്കിലും ചുംബിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു യുവാവ് , അവനുണ്ടാകുന്ന ടെന്‍ഷന്‍ ഇതൊക്കെ വളരെ നീറ്റായിട്ടാണ് ചെക്കന്‍ കൈകാര്യം ചെയ്തിരിക്കുന്നത് . ഗംഗ എന്ന നായികാ കഥാപാത്രമായി അര്‍ത്ഥനയാണ് എത്തുന്നത് . നാടകീയത കലര്‍ന്ന രീതിയിലുള്ള നായികയുടെ സംഭാഷണ രീതി ചില സ്ഥലങ്ങളില്‍ പ്രേക്ഷകനെ അസ്വസ്ഥനാക്കിയേക്കാം . വിജയ്‌ ബാബു തന്‍റെ വില്ലന്‍ വേഷം ഗംഭീരമാക്കി . ഇത്തരം കഥാപാത്രങ്ങള്‍ ഇനിയും കിട്ടിയാല്‍ ഒന്നും നോക്കാതെ ഏറ്റെടുക്കാം . വിജയ്‌ ബാബുവിന് സൗത്ത് ഇന്ത്യന്‍ ഫിലിംസിന്‍റെ അഭിനന്ദനം . സൗബിനും, ഹാരിഷും പൊളിച്ചു . പ്രത്യേകിച്ച് കോമഡി ഡയലോഗ് പോലുമില്ലാതെ ഇവര്‍ മനുഷ്യനെ ചിരിപ്പിക്കും . 120 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചിത്രത്തില്‍ ആദ്യ പകുതി മുഴുവന്‍ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു . പ്രത്യേകിച്ച് ഇന്‍റര്‍വെല്ലിനു മുന്‍പുള്ള ട്വിസ്റ്റ്‌ . തുടര്‍ന്നുള്ള രണ്ടാമത്തെ പകുതിയും , ക്ലൈമാക്സും മികച്ചു നിന്നു .

NB: അമിത പ്രതീക്ഷയില്ലാതെ പോയാല്‍ കൂട്ടുകാരും, കുടുംബവുമൊത്ത് ആസ്വദിക്കാന്‍ പറ്റിയ ഒരു സിമ്പിള്‍ കോമഡി ചിത്രമാണ് “മുദ്ധുഗൗ”.

പോസിറ്റീവ്സ് :

ഗോകുല്‍ സുരേഷ് , വിജയ്‌ ബാബു
പശ്ചാത്തല സംഗീതം
സംവിധാനം
സൗബിന്‍-ഹാരിഷ് കോമ്പിനേഷന്‍

നെഗറ്റീവ്സ് :

അവസാന ഭാഗം കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു ,
കേന്ദ്ര കഥാപാത്രങ്ങളുടെ ചില സ്ഥലങ്ങളിലെ സംഭാഷണ ശൈലിയിലെ നാടകീയത മുഷിപ്പിക്കുന്നുണ്ട് .

ചുരുക്കത്തില്‍ പറഞ്ഞാല്‍ വ്യക്തി പരമായ താല്പര്യങ്ങളും , രാഷ്ട്രീയവുമൊക്കെ മാറ്റിവെച്ച് പോയാല്‍ മുടക്കിയ കാശിന് നഷ്ടമില്ലാതെ ആസ്വദിക്കാന്‍ പറ്റിയ ഒരു നല്ല സിനിമ തന്നെയാണ് “മുദ്ധുഗൗ” .

റേറ്റിംഗ് :

3/5