‘എലോണ്‍’ ഉടനെത്തുമോ ; മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന്റെ പോസ്റ്റര്‍

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എലോണ്‍’. മോഹന്‍ലാല്‍ നായകനായെത്തുന്നതുകൊണ്ട് തന്നെ ആരാധകരെല്ലാം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോണ്‍’.ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും ഷാജി കൈലാസ് പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഷാജികൈലാസും മോഹന്‍ലാലും എലോണിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്. ‘മികച്ച പുതുവര്‍ഷ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പുതുവര്‍ഷ സമ്മാനം നല്‍കുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം നിങ്ങളിലേക്ക് എത്തും’ എന്നായിരുന്നു ഷാജികൈലാസ് കുറിച്ചത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ് എന്ന ടാഗ്‌ലൈനോടെയാണ് ‘എലോണ്‍’ എത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് ആണ്. രാജേഷ് കുമാറാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ‘എലോണ്‍’ എന്ന ചിത്രത്തിന് എന്ത് പ്രമേയമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലൂടെ ആ വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് ഇവരുടെ മറ്റു ഹിറ്റ് ചിത്രങ്ങള്‍.

Leave a Comment