കിടിലന്‍ അപ്പന്‍ – മകന്‍ കോമ്പിനേഷനില്‍ മോഹന്‍ലാലും പൃഥ്വിരാജും ; ബ്രോ ഡാഡി ടീസര്‍ കാണാം

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വന്‍ സ്വീകരണമാണ് പോസ്റ്ററിന് ലഭിച്ചത്. മോഹന്‍ലാലും പൃഥ്വിരാജും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പോസ്റ്ററായിരുന്നു പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങകുവെച്ചത്. ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫൺ ഫിലിം ആണെന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്.

ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രസകരമായ കുടുംബചിത്രമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ലൂസിഫറിന് ശേഷം അതിന്റെ സീക്വല്‍ ആയ ‘എമ്പുരാന്‍’ ആയിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി വന്നതിനെ തുടര്‍ന്ന് ചിത്രം നീളുകയായിരുന്നു.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രം ഒടിടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്യുകയെന്നത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും നേരത്തെ അറിയിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, കാവ്യ ഷെട്ടി, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്.

എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.

Leave a Comment