ടൊവിനോ നായകനായെത്തുന്ന ചിത്രം മിന്നല്‍ മുരളി കഴിഞ്ഞ ദിവസം വേള്‍ഡ് പ്രീമിയറില്‍ നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിനോടനുബന്ധിച്ചായിരുന്നു പ്രത്യേക പ്രദര്‍ശനം നടത്തിയത്. സിനിമ കണ്ടിറങ്ങിയ ആസ്വാദകരില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് അഭിമാനം സമ്മാനിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളിയെന്നാണ് നിരൂപകര്‍ ഒന്നടങ്കം വ്യക്തമാക്കുന്നത്.
ക്ലൈമാക്‌സ് ഫൈറ്റ് അത്യുഗ്രനെന്നും മറ്റൊരു ഇന്ത്യന്‍ സിനിമയിലും ഇത് കണ്ടിട്ടില്ലെന്നുമെല്ലാമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയ്ക്ക് അന്യമായിരുന്ന ജോണറിനെ ബേസില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുവെന്നും മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നല്‍ മുരളിയെന്നും ടൊവിനോ നല്ലരീതിയില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നുമെല്ലാം അനേകം കമന്റുകളാണ് വരുന്നത്.
‘നമ്മുടെ സ്വപ്‌നവും അഭിമാനവും ഹൃദയവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറായി. ബേസില്‍ ജോസഫ് തന്റെ സിനിമ പ്രപഞ്ചം വികസിക്കുകയും വളരുകയും ചെയ്യുന്നതില്‍ ആവേശഭരിതനാണ്. വേള്‍ഡ് പ്രീമിയറില്‍ നിന്ന് അതിശയകരമായ പ്രതികരണം ലഭിക്കുന്നതിനാല്‍ കൂടുതല്‍ ആവേശമാണ്’ ടൊവിനൊ ബേസില്‍ ജോസഫിനൊപ്പമുള്ള ഫോട്ടോ പങ്കുവയ്ച്ച് അതില്‍ നല്‍കിയ ക്യാപ്ഷനാണ് ഇത്.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ പറയുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസാണ് ‘മിന്നല്‍ മുരളി’.
അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു ആണ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റേതും കലാസംവിധാനം മനു ജഗത്തിന്റെയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതുമാണ് തിരക്കഥ. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്.