ശകുന്തളയായി മഞ്ചു വാര്യര്‍ ; സിനിമയിലല്ല നാടകത്തില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചു വരവ് അതി ഗംഭീരമാക്കിയ മഞ്ചു വാര്യര്‍ ഇനി നാടകത്തിലും ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ് . തിരിച്ചു വരവില്‍ 6 ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചത് , ഇവയെല്ലാം ഹിറ്റുകളുമായിരുന്നു. കരിങ്കുന്നം സിക്സസ് എന്നാ ചിത്രമാണ് ഇനി റിലീസിനായി കാത്തിരിക്കുന്നത് . ഇനി ക്യാമറയ്ക്ക് മുന്‍പില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്ത് നാടക സ്റ്റേജിലേക്ക് കയറാന്‍ ഒരുങ്ങുകയാണ് മഞ്ചു . കാളിദാസന്റെ വിഖ്യാതമായ നാടകം അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി കാവാലം നാരായണപ്പണിക്കര്‍ ഒരുക്കുന്ന നാടകത്തിലാണ് മഞ്ചു അഭിനയത്രിയുടെ കുപ്പായമണിയുന്നത് . അഭിനയത്രി എന്ന നിലയില്‍ ഇത്തരമൊരു സംസ്കൃത നാടകത്തില്‍ അഭിനയിക്കുക എന്ന് പറയുന്നത് മഞ്ചു വാര്യര്‍ക്ക് കടുത്ത വെല്ലു വിളിയാകുമെന്നു നാരായണ പണിക്കര്‍ പറയുന്നു. നാടകത്തില്‍ അഭിനയിക്കുന്നതിനായി സംസ്കൃത്തം പഠിയ്ക്കുന്ന തിരക്കിലാണ് മഞ്ചു വാര്യരിപ്പോള്‍ . മോഹന്‍ലാലും , അന്തരിച്ച നടന്‍ മുരളിയും കാവാലത്തിന്റെ നാടകത്തില്‍ അഭിനയിച്ച് നിരൂപക പ്രശംസ നേടിയ മറ്റു ചലച്ചിത്ര താരങ്ങളാണ്. കര്‍ണഭാരം എന്ന ഏകാംഗ നാടകത്തിലെ കര്‍ണ്ണനെ അവതരിപ്പിച്ചാണ് സ്റ്റേജില്‍ മോഹന്‍ലാല്‍ കയ്യടിനേടിയത് . ഇതേ വഴിയിലൂടെയാണ് മഞ്ചു വാര്യരും ഇപ്പോള്‍ സഞ്ചരിക്കുന്നത് .